പിടികിട്ടാപ്പുള്ളിയെ വിട്ടയച്ച സംഭവം: രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി
പാലക്കാട്. നിരവധി ക്രിമിനല്‍ കേസുകളിലെ പിടികിട്ടാപ്പുള്ളിയെ വിട്ടയച്ച സംഭവത്തില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. പാലക്കാട് ടൗണ്‍ സൗത്് സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ മാസം 23 ന് പ്രതിയെ വിട്ടയച്ച സംഭവത്തിലാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാനത്ത് വിവിധ പൊലിസ് സ്റ്റേഷനുകളിലായി 13 ഓളം ക്രിമിനല്‍ കേസുകളും 5 വാറണ്ടുകളുമുള്ള തൃക്കടീരി വിരമംഗലം കൂരിക്കാട്ടില്‍ വീട്ടില്‍ അന്‍സാറിനെയാണ് പിടികൂടി സൗത് സ്റ്റേഷനില്‍ എത്തിച്ച് പത്ത് മിനിറ്റിനകം വിട്ടയച്ചത്. ജില്ല രഹസ്യന്വേഷണ വിഭാഗവും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രാഫിക്കിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥനെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും, അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചുമതലയില്‍ നിന്നൊഴിവാക്കി. ഒരു എസ്.ഐയോട് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രഹസ്യന്വേഷണ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അന്വേഷണത്തിന് സമാന്തരമായാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യം അന്വേഷിക്കുന്നത്. അതേ സമയം കേസ്്്ഒതുക്കി തീര്‍ക്കാനും, പ്രതിയെ ഇറക്കി വിടാന്‍ സഹായിച്ച എ എസ് ഐയേയും പൊലിസുകാരനേയും രക്ഷിക്കാന്‍ രക്ഷിക്കാന്‍ നീക്കവും നടക്കുന്നതായും ആരോപണമുണ്ട്. ഓണ്‍ലൈന്‍ ക്രിമിനല്‍ കേസുകളില്‍ സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന ക്രിമിനലാണ് അന്‍സാര്‍. കഴിഞ്ഞ മാസം 23 ന് ഉച്ചയോടെ പാറ എന്ന സ്ഥലത്ത് വെച്ച് സൗത്ത് സ്റ്റേഷന്‍ എസ് ഐയും സംഘവുമാണ് ഇയാളെ പിടികൂടിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അന്‍സാറിനെ പുറകില്‍ ജീപ്പിലെത്തിയ പൊലീസ് സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കേണ്ടതിന് പകരം പ്രതിയെ ബൈക്കില്‍ തന്നെ സ്റ്റേഷനിലേക്ക് വരാന്‍ പറഞ്ഞ് ബൈക്കിന്റെ പുറകില്‍ മറ്റൊരു പൊലീസുകാരനേയും ഇരുത്തി വിടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിയെ പത്ത് മിനിറ്റിനുള്ളില്‍ സി ഐ എത്തുന്നതിന് മുമ്പായി സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ വിട്ടയക്കുകായിരുന്നു. ഈ സമയത്ത് കൊണ്ടുപോകാന്‍ കഴിയാതിരുന്ന പ്രതിയുടെ ബൈക്ക് കഴിഞ്ഞ ദിവസം വരെ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. പ്രമുഖ വ്യക്തികളുടെ വ്യാജ പ്രൊഫൈലുകള്‍ സ്യഷ്ടിച്ച് അവര്‍ക്ക് അപമാനകരമാകുന്ന വിധത്തില്‍ വ്യാജപ്രചരണം നടത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി. മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി, ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് തുടങ്ങിയ പ്രമുഖര്‍ ഇയാള്‍ക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്. ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ജാമ്യം കിട്ടാത്ത വകുപ്പില്‍ കേസുണ്ട്. പാലാ പൊലിസ് പലതവണ പാലക്കാട് ജില്ലയില്‍ വന്ന് അന്വേഷിച്ചെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. വനിത പ്രോസിക്യൂട്ടറെ അപമാനിച്ച കേസില്‍ ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ കേസുണ്ട്. കൊടുങ്ങല്ലൂരില്‍ ബലാല്‍സംഗ കേസുമുണ്ട്. പാലക്കാട് സൗത്ത് സ്റ്റേഷനില്‍ തന്നെ രണ്ട് കേസും ചെര്‍പ്പുളശ്ശേരി സ്റ്റേഷനില്‍ രണ്ട് കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. അഞ്ചു വാറണ്ടുകള്‍ ഉള്ളതില്‍ ഒരെണ്ണം ശിക്ഷിക്കപ്പെട്ടതിന് ശേഷമുള്ളതാണ്. മലപ്പുറം കുടുംബകോടതിയില്‍ 27 ലക്ഷം കെട്ടിവെക്കാന്‍ വിധി വന്നെങ്കിലും ഇയാള്‍ ഒളിവിലാണ്.
'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."