യു.പിയില്‍ 2000ലധികം പള്ളികളും മദ്‌റസകളും നിരീക്ഷണത്തില്‍
പൊലിസ് മേധാവിയെ മാറ്റി, സുല്‍ഖന്‍ സിങ് പുതിയ മേധാവി
ബിജ്‌നോര്‍: ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന ആരോപണത്തില്‍ അഞ്ചു യുവാക്കളെ അറസ്റ്റു ചെയ്തതിന് പിന്നാലെ 2000ലധികം മുസ്‌ലിം പള്ളികളെയും മദ്‌റസകളെയും യു.പി സര്‍ക്കാര്‍ നിരീക്ഷണവിധേയമാക്കുന്നു. ബിജ്‌നോര്‍ പള്ളി ഇമാം മുഹമ്മദ് ഫൈസാനെ സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളോടൊപ്പം കസ്റ്റഡിയിലെടുത്ത മറ്റുള്ളവരെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.
ഒരു വിഭാഗം ആളുകളെ മതത്തിന്റെ പേരില്‍ കേസുകളില്‍ പെടുത്തുകയാണ് സര്‍ക്കാറെന്ന മുസ്‌ലിം സംഘടനകളുടെ ആരോപണത്തെ സ്ഥിരീകരിക്കുന്നതാണ് പുതിയ സംഭവങ്ങള്‍. ബിജ്‌നോറിലെ പള്ളികളും മദ്‌റസകളും എപ്പോഴും പൊലിസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്ന ഭീഷണിയും സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പൊലിസ് ചോദ്യം ചെയ്തവരില്‍ പലരും മദ്‌റസ വിദ്യാര്‍ഥികളാണ്. ബിജ്‌നോറിലുള്ള 500മദ്‌റസകള്‍ ബിരുദ വിഭാഗത്തിലും 55 എണ്ണം ഹൈസ്‌കൂള്‍ നിലവാരത്തിലും ഉള്ളതാണ്. പൊലിസ് നടപടിക്കെതിരേ പള്ളി ഭാരവാഹികള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇസ്‌ലാം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പൊലിസ് മനഃപൂര്‍വം പ്രശ്‌നത്തിന് ശ്രമിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിശ്വാസികളായ യുവാക്കള്‍ അറിയാതെ തീവ്രവാദത്തിലേക്ക് നീങ്ങുന്നുണ്ടോ എന്നാണ് നിരീക്ഷിക്കുന്നതെന്നാണ് ബിജ്‌നോര്‍ എസ്.പി അജയ് സഹാനി പറഞ്ഞത്. ഇതിനായി പൊതു സമൂഹത്തിന്റെയും വിശ്വാസികളുടെയും പിന്തുണ തേടുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ആറു സംസ്ഥാനങ്ങളിലായി നടന്ന സംയുക്ത പൊലിസ് പരിശോധനയിലാണ് അഞ്ചു യുവാക്കള്‍ അറസ്റ്റിലായത്. 19നും 25നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. ഇതോടനുബന്ധിച്ച് എട്ടു പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ ആറു പേരെ യു.പി ഭീകരവിരുദ്ധ സ്‌ക്വാഡാണ് ചോദ്യം ചെയ്തത്. ഇവരെ പിന്നീട് മാതാപിതാക്കള്‍ക്ക് കൈമാറി. മതിയായ തെളിവില്ലാതെയാണ് പലരെയും അറസ്റ്റ് ചെയ്തതെന്ന് ഇവരുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിട്ടയച്ചെങ്കിലും ഇവരില്‍ പലരെയും തുടര്‍ന്നും നിരീക്ഷണ വിധേയമാക്കുമെന്ന് പൊലിസ് അറിയിച്ചു.
അതേസമയം യു.പിയില്‍ അക്രമം പെരുകുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലിസ് മേധാവി എസ് ജാവേദ് അഹമ്മദിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തല്‍സ്ഥാനത്ത് നിന്ന് മാറ്റി. സുല്‍ഖന്‍ സിങിനെ പകരക്കാരനായി നിയമിച്ചിട്ടുണ്ട്. നേരത്തെ തല മുതിര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്നാണ് അഖിലേഷ് യാദവ് സര്‍ക്കാര്‍ ജാവേദ് അഹമ്മദിനെ പൊലിസ് മേധാവിയായി നിയമിച്ചത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുമെന്ന് സുല്‍ഖന്‍ സിങ് വ്യക്തമാക്കി. നിയമം കൈയിലെടുക്കുന്ന ഗോരക്ഷര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."