'ചുരമില്ലാ ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണം'
മാനന്തവാടി: വടകര വിലങ്ങാട് ചുരമില്ലാ ബദല്‍ റോഡ് യഥാര്‍ഥ്യമാക്കാന്‍ ജനപ്രതിനിധികളും സര്‍ക്കാരുകളും മുന്നോട്ട് വരണമെന്ന് മുന്‍ പഞ്ചായത്തംഗവും പൊതു പ്രവര്‍ത്തകനുമായ എടവക വാളേരി എ.എം കുഞ്ഞിരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വയനാടിന്റെ വികസനത്തിനുതകുന്നതും 30 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ളതുമായ റോഡ് യാഥാര്‍ഥ്യമായാല്‍ ചുരം ബ്ലോക്കായാലും വയനാട്ടുകാര്‍ക്ക് മറ്റ് ജില്ലകളിലേക്ക് എത്തിപ്പെടാന്‍ കഴിയുമെന്നും കുഞ്ഞിരാമന്‍ പറഞ്ഞു. വടകര-വിലങ്ങാട്-കുങ്കിച്ചിറ-കുഞ്ഞോം-പുതുശേരി-കല്ലോടി-മാനന്തവാടി ചുരമില്ലാ ബദല്‍ റോഡാണ് യഥാര്‍ഥ്യമാവേണ്ടത്. ഹെയര്‍ പിന്‍ വളവോ ചുരമോ ഇല്ലാതെ 30 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യം വരുന്ന ചുരമില്ലാ ബദല്‍ റോഡ് നിലവില്‍ പത്ത് കിലോമീറ്റര്‍ ദൂരം മാത്രം നിര്‍മിച്ചാല്‍ മാനന്തവാടിയില്‍ നിന്നും വടകരയിലെത്താന്‍ കഴിയും. മാനന്തവാടിയില്‍ നിന്നും പുതുശേരി വളവ് വരെ പൊതുമരാമത്തിന്റെ റോഡാണ്.
അവിടെ നിന്നും കുഞ്ഞോം കുങ്കിച്ചിറ വരെ തൊണ്ടര്‍നാട് പഞ്ചായത്തിന്റെ ഗതാഗത യോഗ്യമായ റോഡും നിലവിലുണ്ട്. തുടര്‍ന്നുള്ള കൂപ്പ് റോഡ് ഗതാഗതയോഗ്യമാക്കിയാല്‍ വിലങ്ങാട് എത്തും.
എന്തുകൊണ്ടും വയനാടിന്റെ വികസനത്തിനുതകുന്ന ചുരമില്ലാ ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കാന്‍ ജനപ്രതിനിധികളും സര്‍ക്കാരുകളും മുന്നോട്ട് വരണമെന്നും കുഞ്ഞിരാമന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."