പമ്പുകളിലെ പെട്രോള്‍ വില പരിശോധിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
ആലപ്പുഴ: നിശ്ചയിക്കപ്പെട്ട വിലയ്ക്ക് അനുസൃതമായാണോ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം വില്‍ക്കുന്നതെന്ന് ഉറപ്പാക്കാന്‍ സാധാരണ പരിശോധന കൂടാതെ പ്രത്യേക മിന്നല്‍ പരിശോധനകള്‍ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൃത്യസയം അളവില്‍ ഇന്ധനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.
പെട്രോള്‍ പമ്പുകളില്‍ മിന്നല്‍ പണിമുടക്ക് ഉണ്ടാകുന്ന സാഹചര്യത്തില്‍ അവശ്യസര്‍വീസ് പട്ടികയില്‍ ഉള്‍പ്പെടുത്തി പമ്പ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കമ്മീഷന്‍ പൊതുവിതരണ വകുപ്പ് ഡയറകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവശ്യസര്‍വീസ് നിയമപ്രകാരം നടപടിയെടുക്കാന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് അധികാരമുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും ഇന്ധനത്തിന്റെ നിലവാരം പരിശോധിക്കാന്‍ ഫില്‍റ്റര്‍പേപ്പറും പരാതി പുസ്തകവും സെയില്‍ ഉദ്യോഗസ്ഥന്റെ വിലാസവും പ്രദര്‍ശിപ്പിക്കണമെന്നും കമ്മീഷന്‍ പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ.ജി. സാമുവല്‍ നല്‍കിയ പരാതിയിലാണ് നടപടി. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ലീഗല്‍ മെട്രോളജി, പൊതുവിതരണ ഡയറക്ടര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. പെട്രോള്‍ പമ്പുകളില്‍ അളവില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന പരാതി പൊതുവിതരണ ഡയറക്ടര്‍ നിഷേധിച്ചു. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."