ഗ്രാമീണ തൊഴില്‍ ശാക്തീകരണം അയല്‍ക്കൂട്ടങ്ങള്‍ക്ക് 6.48 കോടി വായ്പാ വിതരണം
കല്‍പ്പറ്റ: ജില്ലയിലെ അയല്‍ക്കൂട്ടങ്ങളിലൂടെ ഗ്രാമീണ തൊഴില്‍ ശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് മെഗാ വായ്പാ വിതരണം നടത്തി.
മൈക്രോ ക്രെഡിറ്റ് പദ്ധതി പ്രകാരം ജില്ലയിലെ പതിനൊന്ന് സി.ഡി.എസ്സുകളിലായി 217 അയല്‍ക്കൂട്ടങ്ങളിലെ 2029 പേര്‍ക്ക് 6,04,80,000 രൂപയാണ് സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ നല്‍കിയത്. മൂപ്പൈനാട് സി.ഡി.എസ്സിന് 89.70 ലക്ഷം, മേപ്പാടി 75 ലക്ഷം, പടിഞ്ഞാറത്തറ 25 ലക്ഷം, എടവക 50 ലക്ഷം, മുള്ളന്‍കൊല്ലി 78.95 ലക്ഷം, പൊഴുതന 5 ലക്ഷം, നെന്മേനി 50 ലക്ഷം, മുട്ടില്‍ 50 ലക്ഷം, മീനങ്ങാടി 39.75 ലക്ഷം, വെള്ളമുണ്ട 46 ലക്ഷം, വൈത്തിരി 49.90 ലക്ഷം രൂപ വീതമാണ് വിതരണം ചെയ്തത്.
സി.കെ ശശീന്ദ്രന് എം.എല്‍.എ വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. ഗ്രാമീണ തൊഴില്‍ ശാക്തീകരണത്തിനും ജീവിത പുരോഗതിക്കും പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് നല്കുന്ന ഈ വായ്പാ തുക പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷയായി.
കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന് കുട്ടി, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്ബാന് സൈയ്തലവി, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്, ആയിഷ പള്ളിയാല്‍, കെ.എസ്.ബി.സി.ഡി.സി ജില്ലാ മാനേജര്‍ പി. ശ്രീകുമാര്‍, അസിസ്റ്റന്റ് മാനേജര്‍ ക്ലീറ്റസ് ഡിസില്‍വ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."