ഷോപ്പിങ് മാളുകളുടെ സ്വദേശിവല്‍ക്കരണം സെപ്റ്റംബര്‍ മുതല്‍
അരലക്ഷത്തോളം സ്വദേശികള്‍ക്ക് തൊഴില്‍ സാധ്യത
ജിദ്ദ: സഊദിയിലെ ഷോപ്പിങ് മാളുകളില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം സെപ്റ്റംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരും. അല്‍ ഖസീം പ്രവിശ്യയിലെ മാളുകളാണ് ആദ്യം സ്വദേശിവല്‍ക്കരിക്കുന്നത്. തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ മാളുകളിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.
മാളുകളില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കുക വഴി ചുരുങ്ങിയത് അരലക്ഷത്തോളം സ്വദേശികള്‍ക്കെങ്കിലും തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. അടുത്ത വര്‍ഷം അവസാനത്തോടെ മുഴുവന്‍ പ്രവിശ്യകളിലെയും എല്ലാ മാളുകളിലും സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കും.
അല്‍ ഖസീം പ്രവിശ്യയില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്നാണ് തൊഴില്‍, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. ഇതിലൂടെ 5,000 സഊദി പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും ബന്ധപ്പട്ടവര്‍ അറിയിച്ചു.
സഊദികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിനായി സഊദിയിലെ മാളുകളില്‍ വൈകാതെ സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നേരത്തെ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, വ്യാപാരസ്ഥാപനങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, ഫുഡ് കോര്‍ട് എന്നിവ ഉള്‍പ്പെട്ട ഷോപ്പിങ് മാളുകളിലെ ജീവനക്കാരില്‍ 90 ശതമാനവും വിദേശികളാണ്. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം വ്യാപാരസ്ഥാപനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിയന്ത്രണത്തിലുള്ള വന്‍കിട ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സഊദിയിലെ ഷോപ്പിങ് മാളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടങ്ങളിലുള്ള ജീവനക്കാരില്‍ ഏറെയും ഇന്ത്യക്കാരാണ്. സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത് പ്രകാരം ഇത്തരം സ്ഥാപനങ്ങളില്‍ 25 ശതമാനത്തിലധികം സ്വദേശികളെ നേരത്തെ തന്നെ നിയമിച്ചിട്ടുണ്ട്.
അതിനിടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സഊദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഒന്‍പതു ലക്ഷത്തോളം സഊദികളാണ് തൊഴില്‍രഹിതരായി കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."