അപകട കൂരയില്‍ നൊമ്പരകാഴ്ച; വീടെന്ന സ്വപ്‌നവുമായി ദേവി
കൂത്തുപറമ്പ്: മഴയൊന്ന് കനത്താല്‍ ഏതു സമയത്തും നിലംപൊത്തിയേക്കാവുന്ന വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധിക നൊമ്പര കാഴ്ചയാകുന്നു. അപകട സ്ഥിതിയിലായ വീടിന്റെ ഓടുകളും ചുമരുകളുമൊക്കെ ഇടയ്ക്കിടെ തകര്‍ന്നു വീഴുന്നുണ്ടെങ്കിലും ഇതൊന്നും ഗൗനിക്കാതെ ഇടുങ്ങിയ മുറിയില്‍ അന്തിയുറങ്ങുകയാണ് പത്തായക്കുന്ന് കൊങ്കച്ചിയിലെ ഞാറ്റുതല ദേവിയെന്ന എഴുപതുകാരി.
മാറാല പിടിച്ച, ഇഴ ജന്തുക്കളുടെ ശല്യമുള്ള ഇടുങ്ങിയ മുറിയിലാണ് വര്‍ഷങ്ങളായി ഇവര്‍ താമസിക്കുന്നത്. ഭാണ്ഡകെട്ടുകള്‍ കൊണ്ട് നിറഞ്ഞ മുറിയില്‍ ഇവര്‍ക്ക് ശരിയായി ഒന്നു നിവര്‍ന്നുകിടക്കാന്‍ പോലും ആവില്ല.
തൊട്ടടുത്ത കുളിമുറിയില്‍ വെച്ചാണ് അത്യാവശ്യ ഘട്ടങ്ങളില്‍ ഭക്ഷണം തയ്യാറാക്കുന്നതും കഴിക്കുന്നതുമൊക്കെ. അസുഖം വന്നാല്‍ പറ്റാവുന്ന ആളുകളില്‍ നിന്നും സാമ്പത്തിക സഹായം വാങ്ങി ചികിത്സ നടത്തും. താന്‍ ഉള്‍പ്പെടെ സഹോദരങ്ങളായ മൂന്ന് പേര്‍ക്ക് അവകാശപ്പെട്ടതാണ് ഈ വീടും സ്ഥലവുമെന്നും ദേവി പറയുന്നു. ഓര്‍മകളില്‍ സന്തോഷ പ്രദമായ നല്ലൊരു ഭൂതകാലവുമുണ്ട് ദേവിയേടത്തിക്ക്.
എട്ടു സഹോദരങ്ങളില്‍ ഏറ്റവും ഇളയതായിരുന്നു ദേവി. കുടുംബാംഗങ്ങളായ ഇരുപത്തിയഞ്ചോളം പേര്‍ സന്തോഷത്തോടെ താമസിച്ചിരുന്നു ഈ വീട്ടില്‍. അതിനു ശേഷം മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം ഈ വീട്ടില്‍ താമസിച്ചു വരവെ സഹോദരങ്ങളൊക്കെ പലപ്പോഴായി മരണപ്പെട്ടതോടെയാണ് ദേവി ഈ വീട്ടില്‍ തനിച്ചായത്.
അതിനിടെ എപ്പോഴോ മനസും താളം തെറ്റി. അതോടെ ഇവരുടെ വാക്കുകള്‍ക്കും അര്‍ഥമില്ലാതായി. മനസില്‍ കടന്നു കൂടിയ വിഹ്വലതകളും തെറ്റിദ്ധാരണകളും മൂലം തപാല്‍ വഴി വന്ന അര്‍ഹതപ്പെട്ട വാര്‍ധക്യകാല പെന്‍ഷന്‍പോലും വാങ്ങാന്‍ ദേവി തയാറായില്ല.
ഇല്ലായ്മകള്‍ക്കിടയിലും ഈ വയോധികയ്ക്ക് ഇന്ന് സുരക്ഷിതമായി പുറത്തിറങ്ങി നടക്കാനാവുന്നുണ്ട്. എന്നാല്‍ സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരിടമില്ലെന്നുള്ളതാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."