കുടിക്കാന്‍ വെള്ളമില്ല; മച്ചിപ്പള്ളി കോളനി നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍
പായിപ്പാട്: കുടിക്കാന്‍ വെള്ളത്തിനായി മച്ചിപ്പള്ളി കോളനി നിവാസികള്‍ നെട്ടോട്ടത്തില്‍. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മുന്നൂറോളം കുടുംബങ്ങള്‍ ഉള്‍പ്പെടെ ഇതര സമുദായത്തില്‍പെട്ടവരും താമസിക്കുന്ന കോളനിയിലാണ് ഒരു തുള്ളി കുടിവെള്ളത്തിനായ് പായുന്നത്. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ഉണ്ടെങ്കിലും വെള്ളത്തിനായി കിലോമീറ്ററോളം പോകണ്ട അവസ്ഥയാണ്. കിണറുകളും വറ്റി വരണ്ട അവസ്ഥയാണ്. അതിനാല്‍ വിദൂരങ്ങളിലെത്തി വാഹനങ്ങളിലും തലച്ചുമടായും കുടിവെള്ളം എത്തിച്ചാണ് കോളനിക്കാര്‍ ഉപയോഗിക്കുന്നത്.
സ്വന്തം പുരയിടത്തില്‍ കിണര്‍ കുഴിച്ചു വെള്ളം കണ്ടെത്തുക എന്നത് കോളനികാര്‍ക്ക് സ്വപ്നത്തില്‍മാത്രം നടക്കുന്നതായി മാറുകയാണ്. ഉയര്‍ന്ന പ്രദേശമായ ഇവിടുത്തെ സാഹചര്യത്തില്‍ എത്ര താഴ്ത്തി കുഴിച്ചാലും കുടിവെള്ളം കിട്ടുവാന്‍ ബുദ്ധിമുട്ടാണ്. കുടിവെള്ളം കിട്ടാക്കനിയായതോടെ സ്വകാക്യ വാഹനങ്ങളിലും പിക്കപ്പുകളിലും മറ്റും എത്തിച്ചു വില്‍പ്പന നടത്തുന്ന വെള്ളം വിലകൊടുത്ത് വാങ്ങിയാണ് ആളുകള്‍ കുടിവെള്ളക്ഷാമത്തിനു താല്‍ക്കാലിക പരിഹാരം തേടുന്നത്.
എല്ലാ വര്‍ഷവും വേനല്‍ തുടങ്ങിയാല്‍ അധികൃതര്‍ കുടിവെള്ളം എത്തിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ഇത്തവണ കോളനിയില്‍ വെള്ളമെത്തിക്കുന്ന സംവിധാനം ആകെ തകര്‍ന്നതോടെയാണ് കോളനിവാസികള്‍ ദുരിതത്തിലായത്. മച്ചിപ്പള്ളി കോളനിയില്‍ ജല അതോറിറ്റിയുടെ പൈപ്പില്‍ വെള്ളമെത്തിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഉത്തരവാദിത്വപെച്ചവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. കുടിവെള്ളത്തിനായി കോളനി നിവാസികള്‍ പഞ്ചായത്തിനു മുന്‍പില്‍ ശക്തമായ സമരത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."