റോഡരികിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം: താലൂക്ക് സഭാ യോഗം
തിരൂരങ്ങാടി: അനധികൃത വാഹന പാര്‍ക്കിങ്ങിനെതിരേ ശക്തമായ നടപടി സ്വീകരിക്കാനും റോഡരികിലുള്ള കൈയേറ്റം ഒഴിപ്പിക്കുന്നതിനും പൊലിസ്, പൊതുമരാമത്ത്, നഗരസഭാ അധികൃതര്‍ക്ക് താലൂക്ക്‌സഭാ യോഗം നിര്‍ദേശം നല്‍കി. ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഇന്ന് ചേരുന്ന ട്രാഫിക് പരിഷ്‌കരണ കമ്മിറ്റിയില്‍ തീരുമാനമുണ്ടാകുമെന്ന് യോഗം പ്രത്യാശിച്ചു.
ലഹരി മരുന്ന് വില്‍പന തടയുന്നതിന് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന ബസുകളിലും പരിശോധന നടത്തുന്നതിന് എക്‌സൈസ് വകുപ്പ് പ്രതിനിധികളോട് യോഗം ആവശ്യപ്പെട്ടു. കുട്ടികളെ കഞ്ചാവ് കടത്തുവാഹകരായി ഉപയോഗിക്കുന്നതിനെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിന് എ.ഇ.ഒ ഓഫിസുകള്‍ക്ക് കത്ത് നല്‍കും.
നിസാരമായ സാങ്കേതിക കാരണങ്ങളാല്‍ തടസം സൃഷ്ടിക്കാതെ ഇരുമ്പോത്തിങ്ങല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി നടപ്പില്‍ വരുത്തുന്നതിനുള്ള നടപടി വേണമെന്നും മലപ്പുറം ജില്ലക്കായി അനുവദിച്ചുകിട്ടിയ പുതിയ ട്രെയിനുകള്‍ക്ക് പരപ്പനങ്ങാടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തിരൂരങ്ങാടി താലൂക്കിലെ വിവിധ വില്ലേജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെടും. യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍കുട്ടി അധ്യക്ഷനായി. തഹസില്‍ദാര്‍ പി.ഷാജു, കെ.പി.കെ തങ്ങള്‍, എം. മുഹമ്മദ് കുട്ടി മുന്‍ഷി, വി.പി കുഞ്ഞാമു, എന്‍ജിനിയര്‍ ടി.മൊയ്തീന്‍ കുട്ടി, ഇ. സൈതലവി, കെ.പി വാസുദേവന്‍, കൂത്തിരേഴി വിശ്വനാഥന്‍, ബക്കര്‍ ചെര്‍ണൂര്‍, കെ.വി ഗോപി, വിവിധ വകുപ്പുതല പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."