സംസ്ഥാനത്ത് ലഭിച്ചത് 303 നാമനിര്‍ദേശ പത്രികകള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോള്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ ലഭിച്ച പത്രികകളുടെ എണ്ണം 303. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിവസമായ ഇന്നലെ മാത്രം ലഭിച്ചത് 149 എണ്ണമാണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ എറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ്. 23 വീതം. ഏറ്റവും കുറവ് ലഭിച്ചത് ഇടുക്കിയില്‍. ഒന്‍പത് പത്രികകളാണ് അവിടെ ലഭിച്ചത്. തിരുവനന്തപുരത്ത് 20, കോഴിക്കോട്ട് 19, എറണാകുളത്തും പൊന്നാനിയിലും 18 വീതം, കണ്ണൂരില്‍ 17, ചാലക്കുടിയില്‍ 16, വടകരയിലും കോട്ടയത്തും 15 വീതം, മലപ്പുറത്തും ആലപ്പുഴയിലും 14 വീതം, പാലക്കാട്ടും തൃശൂരും 13 വീതം, മാവേലിക്കരയിലും കൊല്ലത്തും 12 വീതം, പത്തനംതിട്ടയിലും കാസര്‍കോട്ടും 11 വീതം, ആലത്തൂരില്‍ 10 എന്നിങ്ങനെയാണ് പത്രികകള്‍ ലഭിച്ചത്.
ആറ്റിങ്ങലില്‍ 14, കോഴിക്കോട് 12, തിരുവനന്തപുരത്ത് 11, പൊന്നാനിയില്‍ 10, വയനാട്ടിലും കോട്ടയത്തും ഒന്‍പത് വീതം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ എട്ടു വീതം, ആലപ്പുഴ, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളില്‍ ഏഴു വീതം, തൃശൂരില്‍ ആറ്, കാസര്‍കോട്, വടകര, ആലത്തൂര്‍, മാവേലിക്കര, പത്തനംതിട്ട എന്നിവിടങ്ങളില്‍ അഞ്ചു വീതം, കൊല്ലം, ഇടുക്കി മണ്ഡലങ്ങളില്‍ നാലു വീതം എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ച പത്രികകള്‍.
ലോക്സഭയിലേക്ക് മത്സരിക്കുന്നവരില്‍ ഏറ്റവും സമ്പന്നന് പൊന്നാനിയിലെ ഇടതു സ്വതന്ത്രന് പി.വി അന്‍വറാണ്. അന്‍വറിന് ആകെ 49.94 കോടിയുടെ ആസ്തിയാണുള്ളത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരാണ്. ശശി തരൂരിന് 34 കോടിയുടെ ആസ്തിയാണുള്ളത്. രമ്യ ഹരിദാസാണ് ആസ്തിയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള സ്ഥാനാര്‍ഥി. രമ്യയുടേതായി 22,816 രൂപയുടെ ആസ്തി മാത്രമാണുള്ളത്. അമ്മ, അച്ഛന്, സഹോദരന് എന്നിവരുടെ ആസ്തികൂടി ചേര്‍ത്താണ് രമ്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."