കണ്ണീര്‍ ആയുധമാക്കി രാംപൂരില്‍ ജയപ്രദ, വിട്ടുകൊടുക്കാതെ അഅ്‌സംഖാന്‍
ന്യൂഡല്‍ഹി: സീരിയലിനെ വെല്ലുന്ന കണ്ണീരാണ് രാംപൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും നടിയുമായ ജയപ്രദയുടെ പ്രധാന പ്രചാരണായുധം. സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയതാണ് ജയപ്രദ.
മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയ ആദ്യ റാലി മുതല്‍ കരഞ്ഞു കൊണ്ടാണ് പ്രചാരണം. എതിരാളിയും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ അഅ്‌സംഖാനാണ് ജയപ്രദയുടെ പ്രധാന ശത്രു. അഅ്‌സംഖാന്‍ രാവണനാണെന്നും തന്നെ ദ്രോഹിച്ചുവെന്നുമാണ് ജയപ്രദ പറയുന്നത്. ജയപ്രദ പാര്‍ട്ടിയിലിരുന്ന് തന്നെ ദ്രോഹിക്കുകയാണ് ചെയ്തതെന്ന് അഅ്‌സംഖാനും പറയുന്നു.
അഅ്‌സംഖാന്‍ തനിക്കെതിരേ ആസിഡ് ആക്രമണം നടത്താന്‍ ശ്രമിച്ചതുകൊണ്ടാണ് താന്‍ പഴയപാര്‍ട്ടി വിട്ടതെന്ന് പറഞ്ഞായിരുന്നു ആദ്യ റാലിയിലെ കരച്ചില്‍. താന്‍ കരയില്ല. എനിക്കാരെയും പേടിയില്ല. മോദിയുടെ ബി.ജെ.പിയിലെ ധീരയായ സ്ത്രീയാണ് ഞാന്‍- രാംലിലാ മൈതാനിയില്‍ നടന്ന റാലിയില്‍ കരഞ്ഞുകൊണ്ട് ജയപ്രദ പറയുന്നു. രാംപൂരില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു രാംലീലയിലെ യോഗം. അതേസമയം തന്നെ അധികം ദൂരെയല്ലാതെ ഖിലാ മൈതാനിയില്‍ പ്രസംഗിച്ചിരുന്ന അഅ്‌സംഖാനും പറഞ്ഞിരുന്നത് ജയപ്രദയെകുറിച്ചായിരുന്നു.
തന്നെ പ്രകോപിപ്പിച്ച് പലതും പറയിക്കാന്‍ മോദിയും യോഗിയും ഗൂഢാലോചന നടത്തുന്നുവെന്ന് അഅ്‌സംഖാന്‍ പറയുന്നു. അതിനാണ് ജയപ്രദയെ ഉപയോഗിക്കുന്നത്. തന്നെ ലോക്‌സഭ കാണിക്കാതിരിക്കാനുള്ള തന്ത്രമാണ്.
ഞാന്‍ ഗാന്ധിയില്‍ വിശ്വസിക്കുന്നയാളാണ് അവര്‍ ഗോഡ്‌സെയില്‍ വിശ്വസിക്കുന്നവരും. അതുകൊണ്ട് അവരുടെ കുഴിയില്‍ ഞാന്‍ വീഴില്ലെന്നും ഖാന്‍ പറയുന്നു. തന്നെ കള്ളക്കേസുകളില്‍ കുടുക്കാനാണ് മോദിയുടെ ശ്രമമെന്നും ഖാന്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."