രാജ്യത്ത് സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല എന്നത് ഏറെ ആശങ്കാജനകം: വേണു രാജാമണി
കൊച്ചി: ഏറെ സാംസ്‌കാരിക പാരമ്പര്യമുള്ള നമ്മുടെ രാജ്യത്ത് സ്ത്രീകളും കുട്ടികളും ഇനിയും സുരക്ഷിതരല്ല എന്നത് ഏറെ ആശങ്കാജനകമാണന്ന് നെതര്‍ലന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണി. സ്ത്രീകളും കുട്ടികളുമാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. അത് കാത്ത് സൂക്ഷിക്കാന്‍ ഓരോ പൗരനും കടമയുണ്ട്. മാനവ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇന്നും രാഷ്ട്രീയ വയലന്‍സ് തുടരുകയാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് മഹാരാജാസ് കോളജില്‍ അടുത്തയിടെയുണ്ടായ അഭിമന്യൂ എന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകം. ഇത് തികച്ചും ദുഖകരമാണ്. തങ്ങളൊക്കെ മഹാരാജാസില്‍ പഠിച്ചിരുന്ന കാലത്ത് രാഷ്ട്രീയ സംഘടനങ്ങളേക്കാളുപരി ആശയപരമായ സംഘടനങ്ങളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ഓര്‍മ്മിച്ചു. ഒരു മലയാളി എന്ന നിലയില്‍ കേരളത്തിന് നെതര്‍ലന്‍സില്‍ നിന്ന് ഏതെല്ലാം രീതിയില്‍ സഹായം എത്തിക്കാം എന്നതിന് മുഖ്യ പ്രാധാന്യം നല്‍കുന്നുണ്ട്. ഇക്കാര്യത്തെപ്പറ്റി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട് ട്രാഫിക് മാനേജ്‌മെന്റില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള ഡച്ച് കമ്പനി പ്രതിനിധികള്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കിക്കൊടുത്തു.
കൃഷിയ്ക്ക് പ്രാമുഖ്യം നല്‍കുന്ന നെതര്‍ലന്റില്‍ കേരളത്തിലെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി നെതര്‍ലന്‍സില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ മൂന്നാമത്തെ സീഡ് കമ്പനി സന്ദര്‍ശിക്കാന്‍ കേരളത്തിലെ എംഎല്‍എമാര്‍ക്ക് അവസരമൊരുക്കി. കേരളത്തിന് നെതര്‍ലന്റുമായി സഹകരിയ്ക്കാന്‍ നിരവധി മേഖലകളുണ്ടെന്നും വേണു രാജാമണി പറഞ്ഞു.
ചടങ്ങില്‍ മാനവ സംസ്‌കൃതി സംസ്ഥാന ചെയര്‍മാന്‍ പി.ടി തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സാഹിത്യ നിരൂപകയും വേണു രാജാമണിയുടെ ഗുരുനാഥയുമായ ഡോ. എം ലീലാവതി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. കെ.എസ് രാധാകൃഷ്ണന്‍, മുന്‍മന്ത്രി കെ.ബാബു, ഗാന രചയിതാവ് ആര്‍.കെ ദാമോദരന്‍, മുന്‍ മേയര്‍ ടോണി ചമ്മിണി, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി സാബു, സി ജയചന്ദ്രന്‍, മഹാരാജാസ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മേരി മെറ്റില്‍ഡ എന്നിവര്‍ പ്രസംഗിച്ചു.
സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍ സ്വാഗതവും മാനവ സംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ കെ.ബി പോള്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വേണു രാജാമണിയേയും ആര്‍.കെ ദാമോദരനേയും പി.ടി തോമസ് എം.എല്‍.എ ഷാള്‍ അണിയിച്ച് ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."