നിയമം പാലിക്കാന്‍ ഉച്ചഭാഷിണി നിര്‍ത്തിയ സൗണ്ട് ഓപറേറ്റര്‍ക്കും സഹായിക്കും മര്‍ദനം
പള്ളുരുത്തി: സ്വകാര്യ ഡി.ജെ പാര്‍ട്ടിക്കിടെ രാത്രി 10ന് ശേഷം സൗണ്ട് സിസ്റ്റം ഓഫ് ചെയ്ത ഓപറേറ്ററേയും സഹായിയേയും അക്രമിസംഘം തല്ലിച്ചതച്ചു. ശനിയാഴ്ച രാത്രി 10 മണിക്കുശേഷം ചുള്ളിക്കല്‍ എ.പി ജോസഫ് റോഡിലാണ് സംഭവം. അക്രമത്തെ തുടര്‍ന്ന് മര്‍ദനമേറ്റ ചിപ്രൂസ് സൗണ്ട് ഉടമയും പെരുമ്പടപ്പ് വാഴപ്പള്ളിവീട്ടില്‍ സിജില്‍ മോന്‍(27) പെരുമ്പടപ്പ് ചക്കാലക്കല്‍ അഭിഷേക് (18) എന്നിവരെ കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വകാര്യ ആവശ്യമായിരുന്നെങ്കിലും കാതടിപ്പിക്കുന്ന തരത്തിലുള്ള ശബ്ദസംവിധാനമാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ഇതു കൊണ്ടുതന്നെ രാത്രി 10ന് ശേഷം ശബ്ദസംവിധാനം പ്രവര്‍ത്തിക്കണമെങ്കില്‍ അനുമതി വേണമെന്ന നിലപാട് സൗണ്ട് ഓപറേറ്റര്‍ സ്വീകരിച്ചതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചത്. 10.15 ഓടു കൂടി ശബ്ദ സംവിധാനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതോടെ 11 ഓളം വരുന്ന സംഘം ഇവരെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ശബ്ദസംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന് സഹായിയായി വന്ന ആളേയും ഇവര്‍ മര്‍ദ്ദിച്ചു. നാട്ടുകാരില്‍ ചിലര്‍ ഇടപെട്ടാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവരുടെ സൗണ്ട് സിസ്റ്റവും ലൈറ്റുകളും തല്ലിതകര്‍ത്തിട്ടുണ്ട്. ഏകദേശം ഒന്നര ലക്ഷംരൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നുണ്ട്. അതേ സമയം സംഭവസ്ഥലത്ത് എത്തി കാര്യങ്ങള്‍ മനസിലാക്കിയിട്ടും തോപ്പുംപടി പൊലിസ് അക്രമികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതായി പരാതിയുയര്‍ന്നു. അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ പൊലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ കൊച്ചി മേഖല പ്രസിഡന്റ് ടെറന്‍സ് ഫെര്‍ണാണ്ടസ്, സെക്രട്ടറി മൈക്കിള്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."