വികസന പദ്ധതി പുരോഗതി വിലയിരുത്തി ഉന്നതതല യോഗം
കണ്ണൂര്‍: കാട്ടാമ്പള്ളി മേഖലയില്‍ നെല്‍കൃഷി നടത്താന്‍ കഴിയുംവിധം ആവശ്യമായ പദ്ധതി തയ്യാറാക്കാന്‍ കൃഷി, ജലസേചന വകുപ്പുകള്‍ക്ക് നിര്‍ദേശം. ജില്ലയുടെ ചുമതലയുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ടൂറിസം, എസ്.സി-എസ്.ടി വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ദേശം. ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് ഇവിടെ നെല്‍കൃഷി വികസനത്തിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ കൃഷി, ജലസേചന വകുപ്പുകളോട് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു. ഇതിനാവശ്യമായ പദ്ധതി തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കാന്‍ ധാരണയായി. ക്ഷീര വികസന മേഖലയില്‍ ജില്ലയെ പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തമാക്കാനുള്ള പ്രൊജക്ടുകള്‍ തയ്യാറാക്കും. ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനമടക്കമുള്ള മേഖലകളിലെ വിവിധ പദ്ധതികളുടെ നിര്‍മാണ പുരോഗതി യോഗം ചര്‍ച്ച ചെയ്തു. വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ആറളം ഫാമില്‍ ഡയറി ഫാം, പഴശ്ശി പദ്ധതി പ്രദേശത്ത് തീറ്റപ്പുല്‍ കൃഷി തുടങ്ങിയ പ്രൊജക്ടുകളുടെ സാധ്യത യോഗം ചര്‍ച്ച ചെയ്തു. ദേശീയ കുടിവെളള പദ്ധതിയില്‍ ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകാത്തതിനാല്‍ പ്രവൃത്തികള്‍ നടത്താന്‍ കഴിയാത്ത വിഷയം യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. അഞ്ചു ലക്ഷത്തിനു മുകളിലുളള പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യണമെന്ന വ്യവസ്ഥ ഇളവുചെയ്ത് ഗുണഭോക്തൃ കമ്മിറ്റികളെ ഏല്‍പ്പിക്കുന്നതിനാവശ്യമായ ഇടപെടല്‍ നടത്താമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനം ആവശ്യമായ പദ്ധതികളെക്കുറിച്ച് ജില്ലാ കലക്ടര്‍ വഴി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാനാണ് തീരുമാനം. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രൊജക്ടുകള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."