ഡെങ്കിപ്പനി ഇരിട്ടിയില്‍ ബോധവത്കരണ ക്ലാസ് നടത്തി
ഇരിട്ടി: ഇരിട്ടി മേഖലയില്‍ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇരിട്ടി നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ പൊതുജന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭയില്‍ ചാവശ്ശേരി പി.കെ.കെ.എം സ്കൂള്‍, ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, ക്ലബുകള്‍, ആശ, അംഗനവാടി, കുടുംബശ്രീ അംഗങ്ങള്‍, ട്രേഡ് യൂനിയനുകള്‍, കെട്ടിട ഉടമകള്‍, വ്യാപാരി സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരുന്നു ബോധവത്കരണ പരിപാടി നടന്നത്. ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നഗരസഭാ ചെയര്മാന് പി.പി അശോകന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ സരസ്വതി അധ്യക്ഷയായി. ഇരിട്ടി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. പി.പി രവീന്ദ്രന് ബോധവത്കരണ ക്ലാസെടുത്തു.ചാവശേരി പി.കെ കാദര്‍കുട്ടി മെമ്മോറിയല്‍ എല്‍.പി സ്കൂളില്‍ നടന്ന ഡെങ്കിപ്പനി ബോധവല്‍ക്കരണവും മഴക്കാല പൂര്‍വ ശുചീകരണ ശില്പശാലയും നഗരസഭ ആരോഗ്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്മാന് പി.വി മോഹനന് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."