സഫീര്‍ വധം: ജില്ലാ യൂത്ത് ലീഗ് കലക്ടറേറ്റ് ധര്‍ണ 11ന്
പാലക്കാട്: മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് സഫീര്‍ കൊല്ലപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യുന്നതില്‍ സര്‍ക്കാറും പൊലിസും കാണിക്കുന്ന അനാസ്ഥക്കെതിരേ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 11നു കലക്ട്രേറ്റ് ധര്‍ണ നടത്തും.
എം.എസ്.എഫ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ഭാരവാഹികൂടിയായിരുന്ന സഫീര്‍ കൊല്ലപ്പെട്ടിട്ട് നാലുമാസം കഴിഞ്ഞിട്ടും പ്രധാന പ്രതികളെ പിടികൂടിയിട്ടില്ല. സഫീറിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും പ്രതികളെ നിയമത്തിന്റെ മുന്പില് കൊണ്ടുമെന്നും ഉറപ്പു നല്‍കിയിരുന്നു. മുഖ്യമന്ത്രിയും സി.പി.എമ്മും സഫീര്‍ വധകേസില്‍ നിലപാട് മാറ്റി പ്രതികളെ സംരക്ഷിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാരും പൊലിസും കടുത്ത നീതി നിഷേധമാണ് തുടരുന്നതെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, പ്രതികളെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി നടക്കുന്ന കലക്ടറേറ്റ് ധര്‍ണ രാവിലെ 10ന് ആരംഭിക്കും.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.എ സാജിത് അധ്യക്ഷനാകും. മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി മരക്കാര്‍ മാരായമംഗലം, എം.എം ഹമീദ്, എം.എ സമദ്, മുജീബ് കാടേരി, പി പി അന്‍വര്‍ സാദത്ത്, റഷീദ് ആലായന്‍, എം.എസ് നാസര്‍, ഗഫുര്‍ കോല്‍കളത്തില്‍, ഇഖ്ബാല്‍ പുതുനഗരം സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."