ഒളിഞ്ഞു നോക്കിയെന്ന് ആരോപണം: വീടുകള്‍ തകര്‍ത്തു
കാട്ടാക്കട: വീടുകളില്‍ ഒളിഞ്ഞ് നോക്കിയെന്ന് ആരോപിച്ച് പുളിയറക്കോണത്ത് മൂന്ന് വീടുകള്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. വീടുകളില്‍ ഒളിഞ്ഞ് നോക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു അക്രമം.
പത്തുപേരടങ്ങുന്ന സംഘമാണ് അക്രമത്തിനു പിന്നിലെന്ന് പരാതിയുണ്ട്. എന്‍. സുരേന്ദ്രന് നായരുടെ(65) പുളിയറക്കോണം ചാമവിള ശ്രീകലാഭവന്, കെ.അഭിജിത്തിന്റെ ചാമവിള കാവിന്‍പുറം അഭിജിത് ഭവന്, എസ്. ലിബിന് താമസിക്കുന്ന ചാമവിള ചപ്പാത്തുമുക്ക് ഗായത്രി നിവാസ് എന്നീ വീടുകള്‍ക്കു നേരേയാണ് അക്രമമുണ്ടായത്. രണ്ടുദിവസം മുന്‍പ് വീട്ടില്‍ ഒളിഞ്ഞു നോക്കിയെന്ന് ആരോപിച്ച ആളെ പിന്തുടര്ന്ന് പിടികൂടി വിളപ്പില്‍ശാല പൊലിസിന് കൈമാറിയിരുന്നതായി പൊലിസ് പറഞ്ഞു. ഇയാളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
മാരകായുധവുമായെത്തിയ സംഘം വീടുകളുടെ ജനാലകള്‍ അടിച്ച് തകര്‍ക്കുകയും തടയാനെത്തിയ വീട്ടുകാരെ ആക്രമിക്കുകയും ചെയ്തു.
അക്രമത്തില്‍ സുരേന്ദ്രന്‍നായര്‍, ചന്ദ്രന്, കുട്ടന്, അഭിജിത്ത്, നന്ദു എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരേ വിളപ്പില്‍ശാല പൊലിസ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസടുത്തതായി എസ്.ഐ ഷിബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."