പോത്തിനെ കൊണ്ടുപോയ യുവാക്കളെ മര്‍ദ്ദിച്ചത് മേനകാ ഗാന്ധിയുടെ സംഘടനയിലെ അംഗങ്ങള്‍
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ പോത്തിനെ കൊണ്ടുപോയ യുവാക്കളെ മര്‍ദ്ദിച്ചത് കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ എന്‍ജിഒ സംഘടനയിലെ അംഗങ്ങള്‍. പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് എന്ന സംഘടനയിലെ അംഗങ്ങളാണ് പോത്തിനെ കടത്തുകയാണെന്ന് ആരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചത്. പൊലിസ് ഇക്കാര്യം സ്ഥിരീകരിച്ചു.
പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് എന്ന സംഘടനയുടെ രക്ഷാധികരിയും സ്ഥാപകാംഗവും ആണ് മേനകാ ഗാന്ധി. എന്നാല്‍ സംഘടനയ്ക്ക് സംഭവത്തില്‍ പങ്കില്ലെന്നു മേനകാ ഗാന്ധിയുടെ ഓഫിസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കജിയിലാണ് സംഭവം. ആക്രമണത്തില്‍ റിസ്വാന് (25), അഷു(28), കമില്‍ (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ ഇവരുടെ ചുണ്ടിനും മുഖത്തും തോളിനും പരുക്കേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പോത്തുകളെ ഗുഡ്ഗാവില്‍നിന്നു ഗജിപൂര്‍ മാണ്ഡിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ലോറിയില്‍ പോത്തുകളെ കൊണ്ടുപോകുന്നതിനെ മൃഗസംരക്ഷകര് ചോദ്യം ചെയ്തു. തുടര്‍ന്നായിരുന്നു ആക്രമണമെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ മാടുകളെ ലോറിയില്‍ കുത്തിനിറച്ച് കൊണ്ടുപോയതിന് പൊലിസ് യുവാക്കള്‍ക്കെതിരേ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."