കാക്കടവ് പുഴ വറ്റി ഏഴിമലയിലും സി.ആര്.പി.എഫ് ക്യാംപിലും ജലവിതരണം മുടങ്ങി
ചെറുപുഴ: കാക്കടവ് പുഴ വറ്റിയതോടെ ഏഴിമല നാവിക അക്കാദമിയിലേക്കും പെരിങ്ങോം സി.ആര്.പി.എഫ് ക്യാംപിലേക്കുമുള്ള കുടിവെള്ള വിതരണം മുടങ്ങി. ഇവിടേക്ക് കാക്കടവ് പുഴയില്‍ നിന്നും വെള്ളം പമ്പുചെയ്തിട്ട് നാളുകളായി. പ്രതിദിനം നാലുലക്ഷം ലിറ്റര്‍ വെള്ളമാണ് ഏഴിമല നാവിക അക്കാദമിയിലേക്കു മാത്രമായി കാക്കടവ് പുഴയില്‍ നിന്നു ജലസേചന വകുപ്പ് പമ്പ് ചെയ്യുന്നത്. ഇതിന് ആനുപാതികമായി സി.ആര്.പി.എഫ് ക്യാംപിലേക്കും രാമന്തളി പഞ്ചായത്തിനും വെള്ളം പമ്പുചെയ്തിരുന്നു. എന്നാല്‍ പുഴയിലെ വെള്ളം വറ്റിയതോടെ പമ്പ് ചെയ്യാന്‍ വെള്ളമില്ലതായി. ഇപ്പോള്‍ രണ്ടാഴ്ചയിലധികമായി ഇവിടെ നിന്നും വെള്ളം പമ്പ് ചെയ്തിട്ട്. കാക്കടവിലെ പമ്പ് ഹൗസിനു സമീപം മുന്‍കാലങ്ങളില്‍ ചാക്കില്‍ മണല്‍നിറച്ച് താല്‍ക്കാലിക തടയണ നിര്‍മിച്ച് വെള്ളം സംഭരിച്ചാണു വെള്ളം പമ്പു ചെയ്തു കൊണ്ടിരുന്നത്. എന്നാല്‍ ഇവിടെ ശുദ്ധജല വിതരണ പദ്ധതി പ്രകാരം സ്ഥിരം തടയണ നിര്‍മിക്കാന്‍ തീരുമാനിക്കുകയും 10 കോടിയോളം രൂപ അനുവദിച്ച് കരാര്‍ നടപ്പാക്കുകയും ചെയ്തതോടെ താല്കാലിക തടയണയും ഇല്ലാതായി.
സ്ഥിരം തടയണയുടെ പ്രവര്‍ത്തനം തുടങ്ങി മൂന്നുവര്ഷക്കാലമായിട്ടും ഇതുവരെയും ഇതിന്റെ മണ്ണുനീക്കല്‍ പ്രവൃത്തി പോലും പൂര്‍ത്തിയായിട്ടില്ല. ഇനി ഇത് എത്രകാലം തകാലം നീളുമെന്നുമറിയില്ല. നാടിന്റെ സുരക്ഷയ്ക്കായി രാപകലില്ലാതെ പണിയെടുക്കുന്ന ഈ കേന്ദ്രങ്ങള്‍ക്കു പ്രതിദിനം ലക്ഷക്കണക്കിനു രൂപാ മുടക്കി ശുദ്ധജലം വാങ്ങേണ്ട സ്ഥിതിയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."