എസ്.ഡി.പി.ഐ തീവ്രവാദ പാര്‍ട്ടി; വളര്‍ത്തിയത് സി.പി.എം: മുസ്‌ലിം ലീഗ്
കോഴിക്കോട്: എസ്.ഡി.പി.ഐ തീവ്രവാദ പാര്‍ട്ടിയാണെന്നും അവരെ വളര്‍ത്തിയത് സി.പി.എമ്മാണെന്നും മുസ്‌ലിം ലീഗ്.
ആവിര്‍ഭാവകാലത്ത് ഇവരോട് സി.പി.എം മൃദുസമീപനം സ്വീകരിച്ചുവെന്നും ലീഗിനെ തകര്‍ക്കാനായിരുന്നു ഈ നീക്കമെന്നും ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു.
തലശേരിയില്‍ കോടിയേരി മത്സരിച്ചപ്പോള്‍ അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന പരസ്യം എസ്.ഡി.പി.ഐയുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ വന്നിരുന്നു. ഈരാറ്റുപേട്ടയില്‍ ഇപ്പോഴും സി.പി.എമ്മിനൊപ്പമാണ് എസ്.ഡി.പി.ഐ. നിരവധി കോളജുകളില്‍ കാംപസ് ഫ്രണ്ടും എസ്.എഫ്.ഐയും തമ്മില്‍ സഖ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രസ്ഥാനങ്ങളോടുള്ള മൃദു സമീപനം അപകടരമാണെന്ന് ലീഗ് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. ചെറുപ്പക്കാരെ എളുപ്പത്തില്‍ വഴിതെറ്റിക്കുകയാണ് ഇത്തരം സംഘടനകളുടെ രീതി. രാഷ്ട്രീയ പ്രത്യയശാസ്ത്രമില്ലാതെ സാമുദായിക ധ്രുവീകരണമാണ് ഇവരുടെ ലക്ഷ്യം. എസ്.ഡി.പി.ഐ, ആര്‍.എസ്.എസ് എന്നിവയുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കെല്ലാം ഇവര്‍ക്കെതിരേ ഒന്നിച്ചു നില്‍ക്കാമെന്നും ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തെ സംഘടനകള്‍ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ തീവ്രവാദ പ്രസ്ഥാനമായ എസ്.ഡി.പി.ഐ താമസിയാതെ ഭീകരവാദ പ്രസ്ഥാനമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില വിഷയങ്ങളില്‍ എസ്.ഡി.പി.ഐയുടെ നിലപാടുകളെ ലീഗ് പിന്തുണച്ചിട്ടില്ലേയെന്ന ചോദ്യത്തിന് സാമൂഹിക നീതിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പിന്തുണച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."