അമ്പലപ്പുഴയില്‍ ചിട്ടിക്കമ്പനികള്‍ പൊട്ടുന്നത് തുടര്‍കഥ; പണത്തിന്റെ പേരില്‍ പൊലിഞ്ഞത് രണ്ടു ജീവനുകള്‍
അമ്പലപ്പുഴ: ചിട്ടിക്കമ്പനികള്‍ പൊട്ടുന്നത് തുടര്‍കഥയാവുന്നു. ചതിക്കുഴികള്‍ മനസിലാക്കാത്തതിനാല്‍ നഷ്ടമായത് രണ്ടു ജീവനുകള്‍. ഹിമാലയയും എവറസ്റ്റും ബി വണ്ണും അമൃതശ്രീയും തെക്കേമഠവും എട്ടുനിലയില്‍ പൊട്ടിയതും ഏറെ വിശ്വസത്തോടെ നാട്ടുക്കാര് പണം നിക്ഷേപിച്ച എസ്.എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള വളഞ്ഞവഴി ശാഖ പൊട്ടിപ്പൊളിഞ്ഞതും അമ്പലപ്പുഴക്കാര്‍ക്ക് ഏറെ പരിചിതമെങ്കിലും പാഠം പഠിച്ചില്ല.
കഴിഞ്ഞ ദിവസം ദമ്പതികളുടെ മരണത്തിന് കാരണക്കാരനായ ചിട്ടക്കമ്പനി ഉടമ സുരേഷ് ജനങ്ങളെ വലയിലാക്കിയത് വ്യത്യസ്ത വഴികളിലൂടെയായിരുന്നു. അമ്പലപ്പുഴയില്‍ സുരേഷ് തുടങ്ങിയ ചിട്ടകമ്പനിക്ക് വളര്‍ച്ചയ്ക്ക് നാട്ടുകാരനെന്നത് മികച്ച പിന്‍ബലം നല്കി.
നാട്ടുകാര്‍ക്കിടയില്‍ ഭക്തവല്സലന് എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ ഉന്നതരുമായി ബന്ധം സ്ഥാപിച്ചാണ് ചിട്ടി കമ്പനിയിലേക്ക് ചിറ്റാളന്മാരെ ചേര്‍ത്തിരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ ഭക്തവല്‍സലന്റെ പ്രീതിക്ക് പാത്രമായി ചിട്ടി കമ്പനിയില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചിരുന്നു.
കുറച്ചുനാളുകള്‍ക്ക് മുമ്പ് കരുനാഗപള്ളിയില്നിന്ന് ഒരു വനിത പഞ്ചായത്ത് പ്രസിഡന്റ് ഇരുപതോളം സ്ത്രീകളുമായി ആലപ്പുഴ പ്രസ് ക്ലബില്‍ എത്തി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഭര്ത്താക്കന്മാര് വിദേശത്തുളള വീട്ടമ്മമാരായിരുന്നു ഇവരില്‍ അധികവും. അമ്പലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ബി ആന്റ് ബി ചിട്ടിയില്‍ പണം നിക്ഷേപിച്ചവരായിരുന്നു ഇവരെല്ലാവരും.
ചിട്ടി വട്ടമെത്തിയപ്പോള്‍ പണം എടുക്കാന്‍ ചെന്നവര്‍ക്കെല്ലാം വെറും കൈയോടെ മടങ്ങേണ്ടിവന്നതോടെയാണ് പഞ്ചായത്ത് പ്രസിഡന്റുമായി ചേര്‍ന്ന് സ്ത്രീകള്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു സ്ത്രീകള്‍ പണം ബി ആന്റ് ബിയില്‍ നിക്ഷേപിച്ചത്. മുന്തിയ പലിശ വാഗ്ദാനം നല്‍കിയാണ് സുരേഷ് നാട്ടുകാരെ ചിട്ടിയില്‍ ചേര്‍ത്തിരുന്നത്. കേരളത്തില്‍ വിവിധ ജില്ലകളില്‍ ശാഖകള്‍ തുറന്ന സുരേഷ് കരുനാഗപള്ളിയില്‍ തുടങ്ങിയ ശാഖയില്‍ പണം നിക്ഷേപിച്ചാണ് വനിതാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷുമായി അടുപ്പം ഉണ്ടാക്കിയത്.
സുരേഷില്‍നിന്ന് വന്‍ വാഗ്ദാനം കിട്ടിയ പ്രസിഡന്റ് നാട്ടുകാരെ മുഴുവന്‍ ചിട്ടി കമ്പനിയില്‍ അംഗങ്ങള്‍ ആക്കുകയായിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് നിക്ഷേപിച്ച പണത്തിന്റെ കാലാവധി എത്തിയതോടെ പണം എടുക്കാന്‍ എത്തിയപ്പോഴാണ് സുരേഷ് കമ്പനിയും പൂട്ടി സ്ഥലം വിട്ടത്.
ഇതോടെ പ്രസിഡന്റിന് നാട്ടില്‍ നില്ക്കാന് പറ്റാതായതോടെയാണ് സ്്ത്രീകളെയും കൂട്ടി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്. ഇതിനിടെ അതിമോഹത്താല്‍ പ്രസിഡന്റ് നിക്ഷേപിച്ച 3.5 ലക്ഷവും സുരേഷ് അടിച്ചു മാറ്റിയിരുന്നു. വാര്‍ത്താസമ്മേളനത്തിനെത്തിയ പ്രസിഡന്റിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചതോടെ പ്രസിഡന്റിന് ഉത്തരം മുട്ടി.
പിന്നീട് അപേക്ഷയെന്നോണം തന്റെ പണം പോയാലും വേണ്ടില്ല നാട്ടുകാരുടെ പണം കിട്ടിയാല്‍ മതിയെന്ന നിലപാടിലേക്ക് പ്രസിഡന്റ് എത്തി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ട് ഭയന്ന സ്ത്രീകള്‍ തങ്ങള്‍ ചിട്ടി കമ്പിനിയില്‍ പണം നിക്ഷേപിച്ചത് വിദേശത്തുള്ള ഭര്ത്താക്കന്മാര് അറിഞ്ഞിട്ടില്ലെന്നും ചാനലുകളില്‍ തങ്ങളുടെ ചിത്രം കാണിക്കരുതെന്നും അഭ്യര്‍ഥിക്കുന്നുണ്ടായിരുന്നു.
ഒടുവില്‍ ചിട്ടികമ്പിനി പൂട്ടി നാടുവിട്ട സുരേഷിന്റെ ഭൂസ്വത്തുക്കള്‍ തേടിപിടിച്ച് ജ്പ്തി ചെയ്യിക്കാം എന്ന വാഗ്ദാനം നല്കി പ്രസിഡന്റ് നാട്ടുക്കാരായ സ്ത്രീകളെയും കൂട്ടി മടങ്ങി. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ബി ആന്റ് ബി ചിട്ടി കമ്പനിക്ക് മുന്നില്‍ അരങ്ങേറിയിട്ടുള്ളത്.
കഴിഞ്ഞദിവസം സഹോദരന്റെ മകളുടെ വിവാഹത്തിന് പണം നല്‍കാമെന്നേറ്റ ഇടുക്കി രാജക്കാട് സ്വദേശികളായ ദമ്പതികളാണ് സുരേഷിന്റെ ക്രൂരതയ്ക്ക്് മുന്നില്‍ കത്തിയമര്‍ന്നത്. ചിട്ടി പണം ചോദിച്ചെത്തിയ ദമ്പതികളെ ഉടമ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലുകയായിരുന്നുവെന്നാണ് ആക്ഷേപം. അമ്പലപ്പുഴ കോമന വെളിയില്‍ വീട്ടില്‍ സുരേഷിനെ പൊലിസ് ചോദ്യം ചെയ്തുവരുന്നു.
ഇടുക്കി രാജക്കാട് സ്വദേശികളായ പീരിത്തോട് കുമാരന്റെ മകന് വേണു (52) ഭാര്യ സുമ (50) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ വേണു രാത്രി 9.30 ഓടെയും ഭാര്യ സുമ പത്തോടെയും ആശുപത്രിയില്‍ മരിച്ചു. ബി ആന്‍ഡ് ബി ചിട്ടിയില്‍ ഇവര്‍ മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ ഇറക്കിയിരുന്നു.
പണം നല്‍കമെന്നേറ്റ ദിവസം ലഭിക്കാതെ വന്നതാണ് ദമ്പതികള്‍ പണം ചോദിക്കാന്‍ രാത്രിയോടെ ചിട്ടികമ്പനിയിലെത്തിയത്. പണം ചോദിച്ച് ദമ്പതികള്‍ ഇന്നലെ രാവിലെ ഇയാളുടെ വീട്ടിലും കുത്തിയിരുപ്പ് നടത്തിയിരുന്നു. 2009 ല്‍ ആണ് സുരേഷ് ബി ആന്റ് ബി എന്ന സ്ഥാപനം അമ്പലപ്പുഴയില്‍ തുടങ്ങിയത്.
മറ്റ് ചിട്ടികമ്പിനികള് പൊട്ടിപ്പൊളിഞ്ഞപ്പോള്‍ നാട്ടുകാരനെന്ന നിലയില്‍ സുരേഷ് അവസരം മുതലെടുക്കുകയായിരുന്നു. കോടികള്‍ നിക്ഷേപമായി ലഭിച്ച സുരേഷ് പ്രമുഖ ചാനലുകള്‍ക്കെല്ലാം പരസ്യം നല്കി സ്വാധീനം ചെലുത്തിയിരുന്നു.
അടിച്ചുമാറ്റിയ പണം കൊണ്ട് ഇയാള്‍ വന്‍ഭൂസ്വത്ത് കരസ്ഥാമാക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ കമ്പനി പൊട്ടിയതോടെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. സഊദി അറേബ്യയില്‍ ജോലി കഴിഞ്ഞ് നാട്ടിലെത്തി വീണ്ടും പണമിടപാട് നടത്തുകയായിരുന്നു. 2013 ല്‍ പൊട്ടിപ്പൊളിഞ്ഞ ചിട്ടികമ്പനിക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി കോടികളുടെ പണാപഹരണം ചുമത്തി 17 കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. വീണ്ടും തട്ടിപ്പുമായി ഇറങ്ങിയ സുരേഷ് പലവേഷത്തിലും നാട്ടില്‍ എത്തിയിരുന്നു.
പൊട്ടിപൊളിഞ്ഞെന്ന് കാണിക്കാന്‍ ഇയാള്‍ നാട്ടുക്കാര്‍ക്കിടയില്‍ ഇന്സ്റ്റ്ന്റ് ദേശമാവും ചപ്പാത്തിയും വിതരണം ചെയ്യുന്ന കച്ചവടക്കാരനായും ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരനായും എത്തിയിരുന്നു. ഏതായാലും പൊലിസ് വിശദമായ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ദമ്പതികള്‍ സ്വയം തീകൊളുത്തിയതാണോയെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. ഇതും പൊലിസിന്റെ അന്വേഷണ പരിധിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."