അനിശ്ചിതത്വം നീങ്ങി; കേരളത്തില്‍ നിന്ന് 56 ഹജ്ജ് വളണ്ടിയര്‍മാര്‍
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീര്‍ഥാടകര്‍ക്കൊപ്പം 56 വളണ്ടിയര്‍മാര്‍ (ഖാദിമുല്‍ ഹജ്ജാജ് ) സഊദിയിലേക്ക് യാത്രയാകും. ഇവരുടെ നിയമനം സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമായതോടെയാണ് ലിസ്റ്റിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗീകാരം നല്‍കിയത്. 200 തീര്‍ഥാടകര്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് ഈ വര്‍ഷം വളണ്ടിയര്‍മാരെ തെരഞ്ഞെടുത്തിട്ടുള്ളത്.
കേരളത്തില്‍ നിന്നുള്ള വനിതാ തീര്‍ഥാടകരുടെ സഹായത്തിനായി ഒരു വനിതാ വളണ്ടിയറും യാത്രയാകും. മലപ്പുറം ജില്ലയില്‍ നിന്നുള്ള പി.സുഹറാബിയാണ് തീര്‍ഥാടകര്‍ക്കൊപ്പം യാത്രയാകുന്ന വനിതാ വളണ്ടിയര്‍. നിലവിലുള്ള വളണ്ടിയര്‍ ലിസ്റ്റ് പ്രകാരം നടപടികളുമായി മുന്നോട്ടു പോകാന്‍ ഹൈക്കോടതി നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് അനിശ്ചിതത്വത്തിന് താല്‍ക്കാലിക വിരാമമായത്.
ഹജ്ജ് വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച ഇന്റര്‍വ്യു ബോര്‍ഡ് ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹജ്ജ് കമ്മിറ്റി അംഗം എ.കെ.അബ്ദുറഹ്മാന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതാണ് വളണ്ടിയര്‍ നിയമനം അനിശ്ചിതമായി നീളാന്‍ ഇടയാക്കിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, ഒരു ഹജ്ജ് കമ്മിറ്റി അംഗം, ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫിസര്‍ കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ എന്നിവര്‍ അടങ്ങിയതായിരുന്നു മുന്‍ കാലങ്ങളിലെ ഇന്റര്‍വ്യൂ ബോര്‍ഡ്. എന്നാല്‍ ഇത്തവണ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയരക്ടര്‍ എ.ബി.മൊയ്തീന്‍ കുട്ടിയെയും ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഇന്റര്‍വ്യൂ ബോര്‍ഡ് നിശ്ചയിച്ചിരുന്നത്. ഹജ്ജ് കമ്മിറ്റിക്ക് പുറത്ത് നിന്നുള്ളയാളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതാണ് ഹരജിക്കാരന്‍ കോടതിയില്‍ ചോദ്യം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ നടന്നുവരികയാണ്.
എന്നാല്‍ ഇതിനിടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് തീര്‍ഥാടകര്‍ യാത്ര തിരിക്കാനുള്ള തിയതി അടുത്തു വരുന്ന സാഹചര്യത്തില്‍ നിലവില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തയാറാക്കി കേന്ദ്രത്തിന് കൈമാറിയിട്ടുള്ള 56 പേരുടെ പട്ടിക അംഗീകരിച്ച് വളണ്ടിയര്‍മാരെ അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
ഈ നിര്‍ദേശത്തെ ഹരജിക്കാരന്റെ അഭിഭാഷകനും എതിര്‍ത്തില്ല. എന്നാല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യു ബോര്‍ഡ് സംബന്ധിച്ച അന്തിമ വിധി വിശദമായ വാദം കേട്ടതിനു ശേഷം മാത്രമേ കോടതി പ്രസ്താവിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."