HOME
DETAILS
MAL
ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ്; ആലുവ മാര്‍ക്കറ്റ് അടച്ചു
backup
July 06 2020 | 01:07 AM
ആലുവ: ആലുവ മാര്‍ക്കറ്റിന് സമീപത്തെ സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ഓട്ടം നടത്തിയിരുന്ന ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലുവ മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു. ഓട്ടോ ഡ്രൈവര്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്കറ്റ് അടച്ചത്.
മാര്‍ക്കറ്റ് അടച്ചതിനോടൊപ്പം ദേശീയപാതയുടെ രണ്ട് സര്‍വിസ് റോഡുകളും മേല്‍പാലത്തിന് താഴെയുള്ള ഭാഗവുംഅടച്ചു. പടിഞ്ഞാറ് ഭാഗത്തെ സര്‍വിസ് റോഡിലാണ് മാര്‍ക്കറ്റിന്റെ പ്രധാന പ്രവേശന കവാടം സ്ഥിതി ചെയ്യുന്നത്.
കിഴക്ക് ഭാഗത്തെ സര്‍വിസ് റോഡ് അടച്ചതോടെ അവിടെ സ്ഥിതി ചെയ്യുന്ന ആലുവ മെട്രോ സ്റ്റേഷന്റെ പ്രവേശന കവാടത്തിലേയ്ക്കും അതിന് സമീപമുള്ള തൈനോത്തില്‍ റോഡിലേയ്ക്കും വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പ്രവേശിക്കാന്‍ അനുമതി യില്ല. ചന്തപ്പള്ളിയ്ക്ക് മുന്നിലൂടെ സര്‍വിസ് റോഡിലേയ്ക്ക് ഇറങ്ങുന്ന ചെറു റോഡും പൂര്‍ണമായും അടച്ചു. മാര്‍ക്കറ്റില്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
ശനിയാഴ്ച കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത ഉളിയന്നൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മാര്‍ക്കറ്റിലെ മൊത്തവ്യാപാരികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ഓട്ടോയില്‍ വേണ്ട സ്ഥലത്ത് എത്തിച്ചു നല്കുന്ന ജോലി കൂടി ചെയ്തിരുന്നു. ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് 57 പേരെ ക്വാറന്റൈനിലാക്കി. 5 പേരുടെ സ്രവം പരിശോധനക്കയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."