യു.ഡി.എഫും എല്‍.ഡി.എഫും പരസ്പര ധാരണയിലെന്ന് ബി.ജെ.പി
തിരുവനന്തപുരം: സി.പി.എമ്മിനെതിരേ ഒന്നും പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത് സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള രഹസ്യധാരണയുടെ തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിലെ ധാരണ എന്താണെന്ന് ഇരുപാര്‍ട്ടികളും തുറന്നുപറയണം. ജയിച്ച് പാര്‍ലമെന്റിലെത്തണമെങ്കില്‍ ലീഗിനു പുറമേ സി.പി.എമ്മിന്റെ വോട്ടും വേണമെന്നതിനാലാണ് രാഹുല്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
സി.പി.എമ്മിന്റെകൂടി സ്ഥാനാര്‍ഥിയായാണ് രാഹുല്‍ മത്സരിക്കുന്നത്. ദേശീയ അധ്യക്ഷന് സി.പി.എമ്മിനെതിരേ പറയാന്‍ സാധിക്കാത്തിടത്ത് എങ്ങനെയാണ് സംസ്ഥാന നേതൃത്വത്തിനും മറ്റു സ്ഥാനാര്‍ഥികള്‍ക്കും കഴിയുന്നത്? മറ്റു 19 മണ്ഡലങ്ങളിലെയും നിലപാട് ഇതുതന്നെയാണോ എന്ന് കോണ്‍ഗ്രസ് വിശദീകരിക്കണം.
തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി 12നും 18നും കേരളത്തിലെത്തും. 12ന് കോഴിക്കോട്ട് എന്‍.ഡി.എ റാലിയില്‍ പങ്കെടുക്കും.
18ലെ പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. കേന്ദ്ര മന്ത്രിമാരായ ആര്‍.കെ സിങ് ഒന്‍പതിനും സുഷമ സ്വരാജ് 11നും രാജ്‌നാഥ് സിങ് 13നും നിതിന്‍ ഗഡ്കരി 15നും നിര്‍മല സീതരാമന്‍ 16നും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ദേശീയ നേതാക്കളായ ഷാനവാസ് ഹുസൈന്‍ 10നും യെദ്യൂരപ്പ എട്ടിനും പ്രചാരണത്തിനെത്തും. ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വയനാട്ടില്‍ പ്രചാരണത്തിനെത്തും. 17നാണ് അമിത് ഷായുടെ കേരളത്തിലെ ആദ്യ പരിപാടി. രണ്ടാമത്തെ വരവിലാണ് അദ്ദേഹം വയനാട്ടില്‍ പ്രചാരണം നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."