തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് പിരിച്ചു വിട്ടു
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യ ആസൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു. സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷാണെന്ന കസ്റ്റംസിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന നിലവില്‍ സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടിയില്‍ ഓപ്പറേഷനല്‍ മാനേജറായി ജോലിചെയ്യുകയായിരുന്നു. സംഭവത്തില്‍ കസ്റ്റഡിയിലായ കോണ്‍സുലേറ്റിലെ മുന്‍ പി.ആര്.ഒ സരിത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിരുന്നു.
സ്വപ്ന നിലവില്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി.
2019 മുതല്‍ 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയതായും സരിത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ല. സ്വര്‍ണം കടത്തികൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത് പറയുന്നു.
ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. എയര്‍ കാര്‍ഗോയില്‍ മണക്കാടുള്ള യു.എ.ഇ കോണ്‍സുലേറ്റിലെ കോണ്‍സുലേറ്ററുടെ പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."