കരിഞ്ചോലമലയില്‍ മുസ്‌ലിം ലീഗിന്റെ പുനരധിവാസ പാക്കേജ്
കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്കായി സമ്പൂര്‍ണ ദുരിതാശ്വാസ പുനരധിവാസ പാക്കേജ് തയാറാക്കിയെന്ന് മുസ്‌ലിം ലീഗ്. സര്‍ക്കാര്‍ സഹായം ലഭിക്കാത്ത ഭവനരഹിതര്‍ക്കു സ്ഥലവും വീടും നിര്‍മിക്കുന്നതുള്‍പ്പെടെയാണു പാക്കേജിലൂടെ നടപ്പാക്കുകയെന്ന് കരിഞ്ചോല മല പുനരധിവാസ സമിതി മുഖ്യരക്ഷാധികാരി ഡോ. എം.കെ മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരിതബാധിതരെ സര്‍ക്കാര്‍ അവഗണിച്ചു. ദുരന്തം നേരിട്ടു ബാധിച്ചവര്‍ക്കാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. പ്രദേശത്തു വീണ്ടും അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ അപകട സാധ്യത നിലനില്‍ക്കുന്ന കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. ഇത്തരം ആളുകള്‍ക്ക് സ്ഥലം വാങ്ങി വീടുനിര്‍മിച്ചു നല്‍കുക, ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്കായി ചികിത്സാ സഹായം നല്‍കുക, ദുരന്തത്തില്‍ മരണമുണ്ടായ കുടുംബത്തിലെയും വീടുതകര്‍ന്ന കുടുംബത്തിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരുവര്‍ഷത്തേക്ക് മാസാന്തവിദ്യാഭ്യാസ സഹായം നല്‍കുക, ഇത്തരം കുടുംബങ്ങള്‍ക്ക് ഒരുവര്‍ഷം പ്രത്യേക പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയവ അടങ്ങുന്നതാണ് പാക്കേജ്.
പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണപ്രവര്‍ത്തനം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണു നിര്‍വഹിക്കുക. നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിനായി അഞ്ചംഗ ഉപസമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. 13ന് ദുരിതബാധിതരുടെ സംഗമം നടക്കും. സമിതിയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് താമരശേരി ശാഖയില്‍ അക്കൗണ്ട് ആരംഭിക്കും. ദുരിതബാധിതരായ 15 കുടുംബങ്ങള്‍ ഇപ്പോള്‍ തന്നെ സഹായം തേടി തങ്ങളെ സമീപച്ചതായും ഭാരവാഹികള്‍ പറഞ്ഞു.
വന്‍ ദുരന്തമുണ്ടായിട്ടുംമുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്ന് ജില്ലാ ജന. സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരിയും ജില്ലാ പ്രസിഡന്റുമായ ഉമര്‍ പാണ്ടികശാല, ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം, ട്രഷറര്‍ മോയത്ത് മുഹമ്മദ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."