എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം
കല്‍പ്പറ്റ: ചെയ്ത ജോലിക്ക് വേതനം പോലും നല്‍കാത്ത മാനേജ്‌മെന്റ് നടപടിക്കെതിരേ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം ഇന്നാരംഭിക്കും. പുല്‍പ്പാറ, പെരുന്തട്ടയിലെ രണ്ടു ഡിവിഷനുകളിലുമായി മുന്നൂറോളം തൊഴിലാളികളാണ് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ സമര രംഗത്തുള്ളത്. ഇന്നു മുതല്‍ തേയില കൊളുന്തു പറിച്ച് സ്വന്തം നിലയില്‍ തൊഴിലാളികള്‍ വില്‍പന നടത്തും. മൂന്ന് ഡിവിനുകളില്‍ ഇന്നലെ യോഗം ചേര്‍ന്ന് സമര സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
മൂന്ന് മാസത്തെ ശമ്പളം നിലവില്‍ തൊഴിലാളികള്‍ക്ക് ലഭിക്കാനുണ്ട്. കൂടാതെ സര്‍വിസില്‍ നിന്ന് 10 വര്‍ഷമായി പിരിഞ്ഞ 100ലധികം തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയും ഇതുവരെ നല്‍കിയിട്ടില്ല. ഗ്രാറ്റുവിറ്റി ഇനത്തില്‍ ലഭിക്കേണ്ട തുകക്ക് വണ്ടിച്ചെക്ക് നല്‍കിയും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് അധികൃതര്‍ തൊഴിലാളികളെ കബളിപ്പിച്ചിരുന്നു. ജില്ലാ ലേബര്‍ ഓഫിസര്‍ കെ. സുരേഷ് 2018 ജനുവരി 19ന് വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയിലെ ഒത്തു തീര്‍പ്പുവ്യവസ്ഥ പ്രകാരം തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി തുക ഇക്കഴിഞ്ഞ ഫെബ്രുവരി 28 നോ അതിനു മുമ്പായോ കൊടുത്തു തീര്‍ക്കുമൊയിരുന്നു തൊഴിലുടമ മൊയ്തീന്‍കുഞ്ഞ്, ട്രേഡ് യൂനിയന്‍ നേതാക്കള്‍ ഉള്‍പെടെ പങ്കെടുത്ത യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആനുകൂല്യം ലഭിക്കാനുണ്ടായിരുന്ന 107 തൊഴിലാളികളില്‍ പുല്‍പ്പാറ, പെരുന്തട്ട ഡിവിഷനുകളിലായി 20ല്‍ താഴെ തൊഴിലാളികള്‍ക്ക് മാത്രമാണ് ഗ്രാറ്റുവിറ്റി വിതരണം ചെയ്തത്.
സര്‍വിസില്‍ നിന്ന് പിരിഞ്ഞ തൊഴിലാളികള്‍ ജോലി ചെയ്ത കാലത്ത് നിയമവിരുദ്ധമായി പി.എഫ് വിഹിതം പിടിച്ച് കൈവശപ്പെടുത്തിയും മാനേജ്‌മെന്റ് വഞ്ചന കാണിച്ചിരിക്കുകയാണ്. നിലവില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷമായി പി.എഫ് വിഹിതം പിടിക്കുന്നുണ്ടെങ്കിലും ഇതുവരെ പി.എഫ് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടില്ല. നാലു വര്‍ഷമായി മെഡിക്കല്‍ ആനുകൂല്യം, കമ്പിളി, പുതപ്പ് തുടങ്ങിയവ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നിഷേധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഒരിടവേളക്ക് ശേഷം തൊഴിലാളികള്‍ വീണ്ടും സമരമുഖത്തെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."