പോപ്പുലര്‍ ഫ്രണ്ടിനെതിരേ നടപടി ശക്തമാക്കി പൊലിസ്
ഇരിട്ടി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് നടപടി ശക്തമാക്കി. ജില്ലയില്‍ രണ്ടുദിവസങ്ങളിലായി ഇരുന്നൂറോളം പേരെ മുന്‍കരുതല്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ക്രിമിനല്‍കേസുകളില്‍ പിടികിട്ടാനുള്ള പ്രതികളായ മൂന്നുപേരെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഇരിട്ടി, പുന്നാട്, ഉളിയില്‍, നരയംപാറ, വളപട്ടണം, പാപ്പിനിശ്ശേരി, പഴയങ്ങാടി, തളിപ്പറമ്പ്, തലശ്ശേരി, എടയന്നൂര്‍, നീര്‍വേലി, വിളക്കോട്, തളിപ്പറമ്പ്, കാക്കയങ്ങാട്, കൂരന്‍മുക്ക്, മട്ടന്നൂര്‍, കീച്ചേരി, ഇരിക്കൂര്‍, ശിവപുരം, ഉരുവച്ചാല്‍ തുടങ്ങി 34 കേന്ദ്രങ്ങളിലെ ഇരുന്നൂറോളം എസ്.ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ലിസ്റ്റ് സ്‌പെഷല്‍ ബ്രാഞ്ചിന്റെയും രഹസ്യ പൊലിസിന്റെയും സഹായത്തോടെ സംസ്ഥാന ആഭ്യന്തരവകുപ്പ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ നൂറോളം പ്രദേശങ്ങളിലാണു ജില്ലയില്‍ പൊലിസ് റെയ്ഡ് നടത്തിയത്. കൊലക്കേസുകളിലും അക്രമസംഭവങ്ങളിലും വര്‍ഗീയ സ്വഭാവമുള്ള കേസുകളിലും ഉള്‍പ്പെടെ പ്രതിയായവരുടെ വിവരങ്ങളാണു പൊലിസ് ശേഖരിച്ചത്. ഇത്തരം ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ മുന്‍കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൊലിസ് ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എസ്.ഡി.പി.ഐ ശക്തികേന്ദ്രങ്ങളിലും പ്രവര്‍ത്തനമേഖലകളിലും പൊലിസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ചില കേന്ദ്രങ്ങളില്‍ റെയ്ഡ് ഉള്‍പ്പെടെ നടപടി ശക്തമാക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."