പുതുതായി ഉള്‍പ്പെടുത്തിയത് 32,031 വോട്ടര്‍മാരെ; വിധിയെഴുതാന്‍ 13,57,819 പേര്‍
കല്‍പ്പറ്റ: ദേശീയ ശ്രദ്ധ നേടിയ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വിധി എഴുതാന്‍ 13,57,819 വോട്ടര്‍മാര്‍. പുതുതായി വോട്ടര്‍പട്ടികയില്‍ ഇടംനേടിയവരുള്‍പ്പെടെയുള്ളവരുടെ കണക്കാണിത്. ഇക്കഴിഞ്ഞ ജനുവരി 30 വരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ കണക്കനുസരിച്ച് മണ്ഡലത്തില്‍ 13,25,788 വോട്ടര്‍മാരാണുണ്ടായിരുന്നത്. 32031 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ പുതുതായി ചേര്‍ത്തത്. ഇതില്‍ 5,94,177 വോട്ടര്‍മാരാണ് വയനാട്ടിലുള്ളത്. 7,63,642 വോട്ടര്‍മാരും ജില്ലക്ക് പുറത്തുള്ള മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നിയോജക മണ്ഡലങ്ങളിലാണ്. ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 6,73,011 പുരുഷ വോട്ടര്‍മാരും 6,84,807 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. വയനാട്ടില്‍ 2,93,666 പുരുഷന്മാരും 3,00,511 സ്ത്രീകളുമുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാര്‍ച്ച് 25 വരെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് പുതിയ ലിസ്റ്റ് തയ്യാറാക്കിയത്. മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 5089 വോട്ടര്‍മാര്‍ വര്‍ധിച്ച നിലമ്പൂരിലാണ് കൂടുതല്‍ വര്‍ധനവ്. 3936 വോട്ടര്‍മാര്‍ പുതുതായി ചേര്‍ന്ന മാനന്തവാടിയിലാണ് ഏറ്റുവും കുറവ് വര്‍ധനവുണ്ടായത്. സുല്‍ത്താന്‍ ബത്തേരി 4557, കല്‍പ്പറ്റ 4439, തിരുവമ്പാടി 4829, ഏറനാട് 4706, വണ്ടൂര്‍ 4475 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ വര്‍ധനവ്.
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട 23 പത്രികകളില്‍ 22 എണ്ണം സാധു. കേസുകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതിനാലും വിശദ പരിശോധനക്കുമായി സ്വതന്ത്ര സ്ഥാനാര്‍ഥിയായ സരിത എസ്. നായരുടെ പത്രികയിന്മേല്‍ ഇന്ന് തീരുമാനമെടുക്കും. ഇന്നലെയാണ് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ പത്രികകളുടെ സൂക്ഷമ പരിശോധന നടന്നത്. സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു സൂക്ഷ്മ പരിശോധന. രാഹുല്‍ ഗാന്ധി (യു.ഡി.എഫ്), പി.പി സുനീര്‍ (എല്‍.ഡി.എഫ്), തുഷാര്‍ വെള്ളാപ്പള്ളി (എന്‍.ഡി.എ), ബാബു മണി (എസ്.ഡി.പി.ഐ), കെ. ഉഷ (സി.പി.ഐ (എംഎല്‍) റെഡ് സ്റ്റാര്‍), മുഹമ്മദ് (ബി.എസ്.പി), കെ രാഘുല്‍ ഗാന്ധി (അഖില ഇന്ത്യ മക്കള്‍ കഴകം), ജോണ്‍ പി.പി (സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്), മുജീബ് റഹ്മാന്‍, ഷിജോ എം. വര്‍ഗീസ്, ഡോ. കെ പദ്മരാജന്‍, സെബാസ്റ്റ്യന്‍, കെ. ബിജു, കെ.പി പ്രവീണ്‍, കെ.എം ശിവപ്രസാദ് ഗാന്ധി, തൃശ്ശൂര്‍ നസീര്‍, കെ.വി ഗോപിനാഥ്, സിബി, അഡ്വ. ശ്രീജിത്ത് പി.ആര്‍, കെ.ഇ രാഹുല്‍ ഗാന്ധി (സ്വതന്ത്രന്മാര്‍), അബ്ദുല്‍ ജലീല്‍ (എസ്.ഡി.പി.ഐ), കൃഷ്ണദാസ് (സി.പി.ഐ) എന്നിവരുടെ പത്രികകളാണ് സൂക്ഷമ പരിശോധന നടത്തി അംഗീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."