നരേന്ദ്രമോദിയുടേത് അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ സര്‍ക്കാര്‍: കാനം
കല്ലമ്പലം: രാജ്യംകണ്ടതില്‍ വെച്ചേറ്റവും വലിയ അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ സര്‍ക്കാരായി നരേന്ദ്രമോദി ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അധപതിച്ചെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. ആറ്റിങ്ങല്‍ മണ്ഡലം എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ആറ്റിങ്ങല്‍ മണ്ഡലത്തിലെ ചാത്തമ്പറ ജംഗ്ഷനില്‍ ചേര്‍ന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാര്‍ ഇന്ന് കള്ളപ്പണക്കാരുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണ്. രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികളുടെ ഉടമകള്‍ പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ സമ്പത്തുമായി രാജ്യം വിട്ടപ്പോള്‍ ഈ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനിന്നു. ബി ജെ പി സര്‍ക്കാരിന്റെ കഴിഞ്ഞ അ!ഞ്ചുവര്‍ഷത്തെ ഭരണം വന്‍കിട കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മറ്റെല്ലാസര്‍ക്കാരുകളെയും കടത്തിവെട്ടുന്നതായി.
രാജ്യത്തെ വിലക്കയറ്റം എല്ലാ സീമകളെയും ലംഘിച്ച് കുതുക്കുന്നു. കൃഷിക്കാരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ അതിനായി ചെറുവിരല്‍ പോലും അനക്കാതെ കര്‍ഷകരെ വഞ്ചിച്ചു. രാജ്യത്തിന്റെ വിമാനതാവളങ്ങളടക്കമുള്ള പൊതുമുതലുകള്‍ പൂര്‍ണമായും സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മണ്ഡലം സെക്രട്ടറി അഡ്വ ബി സത്യന്‍ എം എല്‍ എ അധ്യക്ഷനായി.ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, എല്‍ ഡി എഫ് നേതാക്കളായ ആര്‍ രാമു, അഡ്വ എസ് ജയചന്ദ്രന്‍, എന്‍ രാജന്‍,ബാബു, വല്ലൂര്‍ രാജീവ്, അച്യുതന്‍ മാസ്റ്റര്‍, കോരാണി സനല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."