ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 69.42 ശതമാനം പോളിങ്; മരിനും മാക്രോണും മുന്നില്‍
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനു പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഇമ്മാനുവല്‍ മാക്രോണും തീവ്രവലതുപക്ഷ കുടിയേറ്റവിരുദ്ധ പാര്‍ട്ടിയായ നാഷനല്‍ ഫ്രന്‍ഡ് സ്ഥാനാര്‍ഥി മരിന്‍ ലീ പെന്നും മുന്നില്‍. മാക്രോണ്‍ 24ഉം മരിന്‍ 22 ശതമാനവും വോട്ട് നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഫ്രാന്‍സെ ഫില്ലണ്‍ 20.5ഉം ഇടതുപക്ഷ സ്ഥാനാര്‍ഥി ഴാങ് ലൂക് മെലെന്‍ഷന്‍ 18ഉം ശതമാനം വോട്ടുകള്‍ നേടുമെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ നല്‍കുന്ന സൂചന. ഇതോടെ ഇന്നലത്തെ വോട്ടിങ്ങില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന രണ്ടുപേര്‍ മെയ് ഏഴിനു നടക്കുന്ന അന്തിമ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടും.
ഫ്രാന്‍സിന്റേയും യൂറോപ്പിന്റേയും ഭാവി നിര്‍ണായകമായ ഫ്രഞ്ച് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പോളിങ്ങാണ് രേഖപ്പെടുത്തിയത്. മൂന്നിലൊന്നുപേരും തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ വൈകിട്ട് അഞ്ചോടെ 69.42 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2012ല്‍ 70.59 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. 67,000 പോളിങ് സ്റ്റേഷനുകളിലായി 4,70,00,000 വോട്ടര്‍മാരാണ് ഫ്രാന്‍സിലുള്ളത്. ലണ്ടനില്‍ ഫ്രഞ്ച് പൗരന്മാര്‍ക്കായി രണ്ടു പോളിങ് സ്റ്റേഷനുകളും ഒരുക്കിയിരുന്നു. 1,20,000 പേര്‍ക്കാണ് ഇവിടെ സമ്മതിദാനാവകാശമുള്ളത്.
കുറഞ്ഞ പോളിങ് മരിന്‍ ലീ പെനിനെ സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മറ്റു സ്ഥാനാര്‍ഥികളെ അപേക്ഷിച്ച് മരിന്റെ അനുയായികള്‍ വോട്ട് രേഖപ്പെടുത്തുമെന്നത് ഉറപ്പാണ്.
കിഴക്കന്‍ ഫ്രാന്‍സിലെ ഹെനില്‍ ബോമോണ്ടിലാണ് മരിന്‍ ലീ പെന്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഇമ്മാനുവല്‍ മാക്രോണ്‍ വടക്കന്‍ ഫ്രാന്‍സിലെ തീരദേശനഗരമായ ലെ ടോകൈ്വറ്റിലും ഫ്രാന്‍സെ ഫില്ലണ്‍ പാരിസിലും വോട്ട് രേഖപ്പെടുത്തി.
ബ്രെക്‌സിറ്റിനും അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനും പിറകെ വലതുപക്ഷ രാഷ്ട്രീയം യൂറോപ്പില്‍ പിടിമുറുക്കുന്നതായുള്ള ഭീഷണികള്‍ക്കിടെയുള്ള പ്രധാന തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് ഫ്രാന്‍സില്‍ നടന്നത്. കടുത്ത കുടിയേറ്റ, മുസ്‌ലിം വിരുദ്ധയായ മരിന്‍ ലീ പെന്നാണ് പ്രചാരണരംഗത്ത് മുന്നിലുണ്ടായിരുന്നത്. സ്വതന്ത്ര പാര്‍ട്ടിയായ എന്‍ മാര്‍ഷെ(ഇ.എം)യുടെ ഇമ്മാനുവല്‍ മാക്രോണാണ് മരിനെതിരേ മിതവാദികള്‍ ഉയര്‍ത്തുന്ന പ്രധാന എതിരാളി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫ്രഞ്ച് പൗരന്മാരുള്ള പോണ്ടിച്ചേരിയിലും വോട്ടെടുപ്പ് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."