HOME
DETAILS
MAL
ഇരട്ടക്കൊലക്കേസിലെ പ്രതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു
backup
July 07 2020 | 02:07 AM
അത്താണി(തൃശൂര്‍): ഇരട്ടക്കൊലപാതക കേസില്‍ രണ്ടാം പ്രതിയായ യുവാവിനെ ഗുണ്ടാസംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നു. അവണൂര്‍ വരടിയം തെക്കേതുരുത്ത് തുഞ്ചന്‍ നഗര്‍ ബസ് സ്‌റ്റോപ്പിന് സമീപം ചിറയത്ത് വീട്ടില്‍ ജെയിംസിന്റെ മകന്‍ സിജോ (28) ആണ് മൃഗീയമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ അവണൂര്‍ മണിത്തറ പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളിന് സമീപമാണ് കൊലപാതകം നടന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് രണ്ട് ബൈക്കുകളിലായി മടങ്ങുകയായിരുന്ന സിജോ ഉള്‍പ്പെടുന്ന അഞ്ചംഗ സംഘത്തെ മണിത്തറയില്‍ വച്ച് രണ്ട് മാരുതി സ്വിഫ്റ്റ് കാറുകളിലെത്തിയ അക്രമി സംഘം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതില്‍ സിജോയെ മാത്രം തിരഞ്ഞുപിടിച്ച് വടിവാളും മറ്റ് മാരാകായുധങ്ങളും ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.
അക്രമത്തിനിടെ സിജോയുടെ സുഹൃത്തുക്കളെല്ലാം ഓടി രക്ഷപ്പെട്ടു. സിജോയ്‌ക്കൊപ്പമുണ്ടായിരുന്ന വരടിയം സ്വദേശി രാജേഷിനും പരുക്കേറ്റു. ശരീരമാസകലം വെട്ടേറ്റ സിജോയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം കാറുകളില്‍ അതിവേഗം സ്ഥലം വിട്ടത്. മൃതദേഹം മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
2019 ഏപ്രില്‍ 24ന് മുണ്ടാണിക്കോട് രാജഗിരി ചൊവ്വല്ലൂര്‍ വീട്ടില്‍ ക്രിസ്റ്റഫര്‍(35), മുണ്ടൂര്‍ പറവട്ടാനി വീട്ടില്‍ ശ്യാം (24) എന്നിവരെ അവനാവ് പാടപ്പുറം കുരിശുപള്ളിക്ക് സമീപം വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സിജോ. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പിക്കപ്പ് വാന്‍കൊണ്ട് ഇടിച്ചുവീഴത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. കഞ്ചാവ് - ലഹരിമാഫിയാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയായിരുന്നു ഇരട്ടക്കൊലയില്‍ കലാശിച്ചത്. സംഭവത്തെത്തുടര്‍ന്ന് ജയിലിലായിരുന്ന സിജോ ഉള്‍പ്പെടെയുള്ള പ്രതികള്‍ കൊവിഡ് കാരണം ഈയടുത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്.
തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ആദിത്യ, ഗുരുവായൂര്‍ അസി. കമ്മിഷണര്‍ ബിജു ഭാസ്‌ക്കര്‍, മെഡിക്കല്‍ കോളജ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി. പി ജോയ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത പൊലിസ് സംഘം സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ലൂസിയാണ് സിജോയുടെ മാതാവ്. അവിവാഹിതനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."