പട്ടികജാതിക്കാരന് കുടിവെള്ളം നിഷേധിച്ച സംഭവം: സമന്‍സ് അയച്ചിട്ടും ഹാജരായില്ല; പഞ്ചായത്ത് സെക്രട്ടറിക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍ നടപടിക്ക്
തിരുവനന്തപുരം: പട്ടികജാതിക്കാരന് കുടിവെള്ളം നിഷേധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടിയെടുക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചു. അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന്റേതാണ് ഉത്തരവ്.
മംഗലപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടിയെടുക്കാതിരിക്കാന്‍ മതിയായ കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഒരവസരം കൂടി നല്‍കും. മെയ് ഒന്‍പതിന് രാവിലെ പത്തരക്ക് കമ്മിഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങില്‍ ഹാജരാകാനാണ് ഉത്തരവ് ഇക്കാര്യം ആവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ മുഖേന പഞ്ചായത്ത് സെക്രട്ടറിക്ക് സമന്‍സ് അയക്കാനും കമ്മിഷന്‍ ഉത്തരവായി. സെക്രട്ടറിക്ക് സമന്‍സ് നല്‍കിയശേഷം പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ രേഖാമൂലം കമ്മിഷനെ വിവരം അറിയിക്കണം. കുടിവെള്ള കണക്ഷനുവേണ്ടി അപേക്ഷ നല്‍കിയിട്ടും അനുവദിക്കാത്തതിനെതിരേ തോന്നയ്ക്കല്‍ സ്വദേശി പി. ഷിബു നല്‍കിയ പരാതിയിലാണ് നടപടി. പട്ടികജാതിക്കാരനായ പരാതിക്കാരന്‍ 2017 ജനുവരിയിലാണ് അപേക്ഷ നല്‍കിയത്. അനുകൂല മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി. ജില്ലാകളക്ടര്‍ എഡി എമ്മിനെ കൊണ്ട് ഉത്തരവ് നല്‍കിയെങ്കിലും പഞ്ചായത്ത് സൂപ്രണ്ട് ചുരുട്ടിക്കളഞ്ഞതായി പരാതിയില്‍ പറയുന്നു.സമീപ പ്രദേശങ്ങളിലൊന്നും കുടിവെള്ള സ്രോതസ് ഇല്ലാത്ത പരാതിക്കാരന്‍ കുന്നിന്‍ പ്രദേശത്തുള്ള വീട്ടില്‍ തലച്ചുമടായിട്ടാണ് വെള്ളം എത്തിക്കുന്നത്. 2018 മേയ് രണ്ടിനും ഡിസംബര്‍ 27നും കമ്മിഷന്‍ മംഗലപുരം പഞ്ചായത്ത് സെക്രട്ടറിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും സമര്‍പ്പിച്ചില്ല. തുടര്‍ന്ന് 2019 ജനുവരി 29നും മാര്‍ച്ച് മൂന്നിനും രജിസ്‌ട്രേഡ് സമണ്‍സ് അയച്ചിട്ടും സെക്രട്ടറി ഹാജരാകുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തില്ല. മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 13-ാം വകുപ്പ് അനുസരിച്ച് പരാതികള്‍ അന്വേഷണ വിചാരണ ചെയ്യുമ്പോള്‍ കമ്മിഷനെ ഒരു സിവില്‍ കോടതിയായി കരുതണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതായി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. പലതവണ നോട്ടീസയച്ചിട്ടും ഹാജരാകാത്തതും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതും സെക്രട്ടറിയുടെ കൃത്യവിലോപമാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."