നയതന്ത്രം: മറക്കുന്നതും ഓര്‍ക്കേണ്ടതും
ആഭ്യന്തര അരാജകത്വത്തില്‍നിന്ന് രാഷ്ട്രക്രമത്തെ മോചിപ്പിച്ചെടുത്താല്‍ രാജ്യപുരോഗതി നിര്‍ണയിക്കപ്പെടുമെന്ന് വിശ്വസിക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയും ചൈനയും അത്ര സുഖകരമല്ലാതെ കടന്നുപോകുന്നത്. കമ്മ്യൂണിസ്റ്റ് ചൈനയുടെ ആള്‍ബലവും ആയുധബലവും ഭൂമിശാസ്ത്രപരമായ സൗകര്യങ്ങളും കൊണ്ട് ഇന്ത്യയുടെ ഇച്ഛാശക്തിയെ ഭേദിക്കാന്‍ കഴിയില്ല എന്നതാണു യാഥാര്‍ഥ്യം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവരുടെ പട്ടാളത്തിനു മുകളില്‍ ശക്തമായ നിയന്ത്രണാധികാരം ഇല്ല. തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും ഭരണകൂടത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലും അല്ലെന്നര്‍ഥം. അവരുടെ സൈനിക സംസ്‌കൃതി അതിപുരാതന രാജസംസ്‌കൃതിയുടെ ഭാഗമാണ്.
1962ല്‍ ഇന്ത്യയ്ക്കുമേല്‍ ചൈന നടത്തിയ അതിക്രമവും കൈയേറ്റവും നിലവിലെ സാഹചര്യത്തില്‍ ആവര്‍ത്തിക്കാന്‍ സാധിക്കില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്കു പിന്തുണ നല്‍കുകയും ചൈനയെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. തായ്‌വാന്‍, ഹോങ്കോങ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ ചൈന നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയുമായി ഒരു പോര്‍മുഖം തുറക്കാനായിരിക്കണം ചൈന ആഗ്രഹിക്കുന്നത്.
അതിര്‍ത്തി സംഘര്‍ഷത്തില്‍ സര്‍വകക്ഷി യോഗം വിളിക്കുകയും സമഗ്രമായ ചര്‍ച്ച നടത്തുകയും ചെയ്തിരിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ എന്താണ് അതിര്‍ത്തിയില്‍ സംഭവിച്ചതെന്ന് ഭരണകൂടം കൃത്യമായി പൗരന്മാരെ അറിയിക്കേണ്ടതുണ്ട്. ഇതിനുള്ള മറുപടിയായി ആഭ്യന്തരമന്ത്രി അമിത്ഷാ പറയുന്നത്, 1962ല്‍ സംഭവിച്ചതുകൂടി ചര്‍ച്ച ചെയ്യണമെന്നാണ്. യഥാര്‍ഥ പ്രശ്‌നങ്ങളെ വഴിതിരിച്ചുവിട്ട് ശത്രുവിന്റെ ദുഷ്ടലാക്കും അതിക്രമങ്ങളും ചര്‍ച്ച ചെയ്യപ്പെടാതെ രാഷ്ട്രീയലാഭം ഉണ്ടാക്കാന്‍ മാത്രമേ ഇത്തരം നിലപാടുകള്‍ സഹായിക്കുകയുള്ളൂ. ഇന്ത്യ ഒരു മനസായി അണിനിരന്ന് രാജ്യതാല്‍പര്യത്തിനൊപ്പം നിലകൊള്ളണം. ഭരണം നിലനിര്‍ത്താനും ഭരണം പിടിച്ചെടുക്കാനും രാജ്യതാല്‍പര്യങ്ങള്‍ ബലികഴിക്കരുതെന്നര്‍ഥം.
പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിച്ചതു പോലും വിമര്‍ശന വിധേയമായിരിക്കുകയാണ്. 70 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്‌ലര്‍ പരുക്കേറ്റ പട്ടാളക്കാരെ സന്ദര്‍ശിക്കാന്‍ താല്‍ക്കാലിക ഷെഡുകള്‍ നിര്‍മിച്ച് സന്ദര്‍ശനം നടത്തി പടമെടുത്ത് പുറത്തുവിട്ടത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. യഥാര്‍ഥ സൈനിക ആശുപത്രിയില്‍ തന്നെയാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചതെന്ന് പി.എം ഓഫിസ് ആവര്‍ത്തിക്കുമ്പോഴും പരുക്കേറ്റ് കിടക്കയില്‍ പടിഞ്ഞിരിക്കുന്ന സൈനികരുടെ ചിത്രവും അല്‍പം മാറിനിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രവും എല്ലാം പറഞ്ഞുതരുന്നുണ്ട്.
അയല്‍പക്കങ്ങളുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്താനും രാജ്യസുരക്ഷ ഉറപ്പുവരുത്താനും ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. അതിര്‍ത്തിയില്‍ നടന്ന സൈനിക കമാന്‍ഡര്‍മാരുടെ യോഗം, സൈനികനടപടിയിലൂടെ അല്ല പ്രശ്‌നപരിഹാരത്തിനു വഴിയൊരുക്കേണ്ടതെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെയാണു പരിഹാരം സാധിക്കേണ്ടതെന്നും പ്രസ്താവിച്ചത് ശ്രദ്ധേയമാണ്.
1947 മുതല്‍ ഇന്ത്യയോട് ശത്രുതാപരമായ നിലപാടുകള്‍ സ്വീകരിക്കുകയും എല്ലാ അന്താരാഷ്ട്ര വേദികളിലും ഇന്ത്യയ്‌ക്കെതിരേ നിലപാട് സ്വീകരിച്ചുവരികയും ചെയ്യുന്ന രാഷ്ട്രമാണ് പാകിസ്താന്‍. ചൈനയുമായി രഹസ്യധാരണയുണ്ടാക്കി മര്യാദകേട് കാണിക്കുന്നതില്‍ പാകിസ്താന്‍ മുന്നിട്ടുനില്‍ക്കുന്നു. പാക് അധീന കശ്മിരില്‍ ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നതില്‍ പാകിസ്താന് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നത് ചൈനയാണ്. അതിര്‍ത്തിയില്‍ സംഘര്‍ഷം നടന്നയുടന്‍ ചൈനയെ സഹായിക്കാന്‍ ആയുധധാരികളായ ഇരുപതിനായിരത്തിലധികം സൈനികരെ പാകിസ്താന്‍ അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു. നേപ്പാള്‍ ഭരണകൂടവും മ്യാന്‍മറും അഫ്ഗാനിസ്ഥാനും ഇന്ത്യയുമായി മികച്ച സൗഹൃദത്തിലല്ല. അയല്‍രാഷ്ട്രങ്ങളുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്തി ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റ് പൂര്‍ണമായും പരാജയപ്പെട്ടു. രാജ്യത്തിനകത്ത് വര്‍ഗീയത വളര്‍ത്തി ന്യൂനപക്ഷങ്ങളായ ദലിത് മുസ്‌ലിം വിഭാഗങ്ങളെ വേട്ടയാടാന്‍ മാത്രമായിരുന്നു ശ്രദ്ധിച്ചത്.
അതിനിടെ, രാഷ്ട്രം കൊവിഡിനെയും ചൈനയെയും അതിജയിക്കുമെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ എങ്ങനെ എന്ന ചോദ്യത്തിനു കൃത്യമായ മറുപടിയില്ല. രാജ്യാതിര്‍ത്തിയില്‍ അതിക്രമിച്ചുകയറി എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും ലംഘിച്ച് ചൈന പവര്‍ കാണിച്ചപ്പോള്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് എന്തുകൊണ്ട് രംഗത്തുവന്നില്ല. ലോക രാഷ്ട്രങ്ങളെ സ്ഥിതിഗതികള്‍ ധരിപ്പിച്ച് രാജ്യത്തിന് അനുകൂലമായ നിലപാടുകളിലേക്ക് അഭിപ്രായം സ്വരൂപിക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. തീവ്രവാദികളെ നേരിടുന്നതില്‍ പലപ്പോഴും നാം പരാജയപ്പെടുകയാണ്. ലോകസമൂഹങ്ങളില്‍ ഇന്ത്യയുടെ മതേതരമുഖം വികൃതമായിരിക്കുന്നു, അമേരിക്കന്‍ ഭരണകൂടം പോലെ. സ്വന്തം പൗരന്മാരില്‍ ഒരു വിഭാഗത്തെ വര്‍ഗീയവല്‍ക്കരിച്ച് മാറ്റിനിര്‍ത്തുകയും മനുഷ്യാവകാശങ്ങള്‍ മാനിക്കാതെ ഫാസിസ്റ്റ് ജര്‍മ്മനിയില്‍നിന്ന് കടംകൊണ്ട ആശയത്തിനു വേണ്ടി നിലകൊള്ളുകയുമാണ് കേന്ദ്ര സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."