കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ഇന്ന്; മൂന്നാര്‍ വിഷയം ചര്‍ച്ചയാവും
തിരുവനന്തപുരം: മൂന്നാര്‍ വിഷയവും മന്ത്രി എ.എം മണിയുടെ വിവാദ പ്രസംഗങ്ങളും സംസ്ഥാന രാഷ്ട്രീയത്തില്‍ തീപ്പൊരി ചിതറവെ ശക്തമായ നിലപാടും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാനായി കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് വൈകിട്ട് നാലിന് ഇന്ദിരാഭവനില്‍ നടക്കും.
കെ.പി.സി.സി.പ്രസിഡന്റ് എം.എം ഹസനാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാര്‍ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിവന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേയും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരേയുമുള്ള മന്ത്രി മണിയുടെ പരസ്യ അധിക്ഷേപത്തോടെ എല്‍.ഡി.എഫിലുണ്ടായ ഭിന്നത മുതലെടുക്കാനുള്ള ആലോചനയും മൂന്നാര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനുമാവും യോഗത്തില്‍ പ്രധാന ചര്‍ച്ച നടക്കുക. മൂന്നാര്‍ പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി പ്രത്യേക നിയമനിര്‍മാണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും അക്കാരണം കൊണ്ടാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നതെന്നും കഴിഞ്ഞദിവസം മാധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞിരുന്നു. കൈയേറ്റങ്ങളുടെ കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാരിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും മൂന്നാറില്‍ വന്‍കിട കൈയേറ്റങ്ങളാണ് ആദ്യം ഒഴിപ്പിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. മൂന്നാറിലെ പ്രത്യേകതകള്‍ മനസിലാക്കി ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് ദീര്‍ഘകാല പദ്ധതികള്‍ വേണമെന്നുള്ള ചെന്നിത്തലയുടെ അഭിപ്രായവും യോഗത്തില്‍ ചര്‍ച്ചചെയ്യും.
സി.പി.ഐ-സി.പി.എം തര്‍ക്കത്തിന്റെ ഭാഗമാണ് മന്ത്രി മണിയുടെ സബ് കലക്ടര്‍ക്കെതിരായ പ്രസ്താവന. മുഖ്യമന്ത്രിയുടെ പുത്തന്‍ കുരിശ് പ്രേമം കാപട്യമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസനും അഭിപ്രായപ്പെട്ടിട്ടുണ്ട്. രണ്ടു പ്രധാന വിഷയങ്ങളാണ് പ്രതിപക്ഷത്തിന് വീണുകിട്ടിയത്. രണ്ടും മന്ത്രി മണിയുമായി ബന്ധപ്പെട്ടതും. നിയമസഭയില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ ഇവ മതിയാവും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആത്മവീര്യം ചോര്‍ത്തുന്ന മുഖ്യമന്ത്രിയുടെ നിലപാടും പ്രതിപക്ഷത്തിന് ആയുധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."