നിയമത്തിനു പുല്ലുവില അനധികൃത കെട്ടിട നിര്‍മാണം അപകടക്കെണിയാകുന്നു
ആനക്കര : നിയമത്തിനു വില കല്‍പിക്കാതെയുള്ള റോഡരികിലെ നിര്‍മാണം വന്‍ അപകടത്തിനിടയാകുന്നു. കരിമ്പ-പന്നിത്തടം റോഡില്‍ കോട്ടപ്പാടം സെന്ററിലാണ് സ്വകാര്യ വ്യക്തി അനധികൃത കെട്ടിട നിര്‍മാണം നടന്നിട്ടുള്ളത്. കോട്ടപ്പാടം കക്കാട്ടിരി റോഡ് ബന്ധിപ്പിക്കുന്ന റോഡില്‍ ഇരു റോഡിന്റെയും കോര്‍ണറില്‍ റോഡരികിലെ അഴുക്കുചാലിനോട് സമാന്തരമാണ് നിര്‍മാണപ്രവര്‍ത്തനം നടത്തിയിട്ടുള്ളത്.
ഇത് ഇരു റോഡില്‍ നിന്നും വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്ത വിധമായതിനാല്‍ ഇവിടെ വാഹനാപകടങ്ങള്‍ പതിവാണ്. കച്ചവട സ്ഥാപനമായതിനാല്‍ ഇവിടെ വില്‍പന വസ്തുക്കള്‍ തൂക്കിയിടുന്നത് സമീപ കാഴ്ച്ചയെ പൂര്‍ണ്ണമായും മറക്കുന്നുണ്ട്. പബ്ലിക് റോഡരികിലെ കെട്ടിട നിര്‍മ്മാണ നിയമം പാടെ ലംഘിച്ചുള്ള നിര്‍മാണം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന പരാതിയും വ്യാപകമാണ്.
തൃത്താല-പടിഞ്ഞാറങ്ങാടി, കൂറ്റനാട്-പടിഞ്ഞാറങ്ങാടി എന്നീ ടൗണുകളെ ബന്ധിപ്പിക്കുന്ന റോഡായതിനാല്‍ നിരവധി വാഹനങ്ങള്‍ ഇതു വഴി പാസ് ചെയ്യുന്നതിനാല്‍ ഇവിടുത്തെ അപകടാവസ്ഥ ജനങ്ങളേയും ആശങ്കയിലാക്കുന്നുണ്ട്. തൃത്താല ഡോ: കെ.ബി മേനോന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, കൂറ്റനാട് ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍,
ഗോഖലെ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുളള നിരവധി സ്‌കൂള്‍ വാഹനങ്ങളാണ് ഇവിടെവന്നു തിരിച്ചു പോകുന്നത്. ഇവിടുന്ന് തിരിക്കുന്ന വാഹനങ്ങള്‍ക്ക് മറുവശം കാണാന്‍ കഴിയാത്തതിനാല്‍ മിനിറ്റുകളോളം കുടുങ്ങുന്നതും പതിവാണ്.
വീടിന്റെ മതിലും കാര്‍പോര്‍ച്ചുമടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനം റോഡിലെ അഴുക്കുചാലിനോട് സമാനമായാണ് നടത്തിയിട്ടുള്ളത്. അതിനു പുറമെ അഴുക്കു ചാലിനേയും വരെ സ്വന്തം അധീനതയിലാക്കി കെട്ടിയിറക്കിയാണ് കച്ചവടം നടത്തുന്നത്. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."