സ്വര്‍ണക്കടത്ത്: നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് തഴച്ചു വളരുന്ന സ്വര്‍ണക്കടത്ത് മാഫിയയെ സംബന്ധിച്ച് പ്രതിപക്ഷം നേരത്തെതന്നെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.ഡി.സതീശന്‍ എം.എല്‍.എ. ഒരു അടിയന്തര പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഗൗരവത്തോടെയെടുത്ത് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ നല്‍കുന്ന സൂചന.
ചരക്കു സേവന നികുതി വിഭാഗത്തിന്റെ വീഴ്ച കാരണമാണ് സമാന്തര സ്വര്‍ണ വിപണി ശൃംഖല രൂപപ്പെട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിലൂടെ കേരളത്തിന് വന്‍തോതില്‍ നികുതി ചോര്‍ച്ച സംഭവിച്ചുകൊണ്ടിരിക്കുകയുമാണ്. കസ്റ്റംസും ഡി.ആര്‍.ഐയുമായി ചേര്‍ന്ന് നികുതി വകുപ്പ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഒരു കിലോ സ്വര്‍ണം പോലും ഇതുവരെ കേരളത്തിലെ നികുതി വകുപ്പ് പിടിച്ചിട്ടില്ല. നികുതി ഭരണത്തിലെ ഇന്റലിജന്‍സ് സംവിധാനം പൂര്‍ണമായും തകര്‍ന്നു. ഒരു സര്‍വൈലന്‍സും ഇല്ലാത്ത വകുപ്പായി നികുതി വകുപ്പ് മാറി. ഇ വേ ബില്‍ വന്നിട്ടും സ്വര്‍ണം കള്ളക്കടത്തില്‍ മാറ്റമുണ്ടാക്കാനായില്ല. ജി.എസ്.ടി നിയമത്തിന്റെ അറുപതാം വകുപ്പ് അനുസരിച്ച് ഇന്‍സ്പെക്ഷന്‍ നടത്താനും സെര്‍ച്ച് നടത്താനും പിടിച്ചെടുക്കാനും അറസ്റ്റു ചെയ്യാനും ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുള്ളതുപോലെ സംസ്ഥാന ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ട്. അത് ഉപയോഗിക്കുന്നില്ല. 60 മുതല്‍ 64 വരെയുള്ള വകുപ്പുകള്‍ എന്തുകൊണ്ടാണ് സംസ്ഥാനത്ത് ഉപയോഗിക്കാത്തതെന്ന് അന്നേ പ്രതിപക്ഷം ചോദിച്ചിരുന്നു.
കോയമ്പത്തൂരില്‍നിന്നും ചെന്നൈയില്‍നിന്നും വാങ്ങുന്ന മെഷിനറികള്‍ എവിടേക്ക് പോകുന്നു എന്നു കണ്ടെത്തിയും ആഭരണമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍ ആര് വാങ്ങുന്നുവെന്നു കണ്ടെത്തിയും സ്വര്‍ണം എത്തുന്ന മേഖലകളെ പൂര്‍ണ നിരീക്ഷണത്തിലാക്കാനാകും. പക്ഷേ ടാക്സ് ഇന്റലിജന്‍സ് ഒന്നും ചെയ്യുന്നില്ല. ഇതില്‍ ഒരു വന്‍ അധോലോകം കേരളത്തില്‍ വളര്‍ന്നു വരികയാണ്. ഇത്രയും വലിയ അധോലോകം കേരളത്തെ അപടത്തിലാക്കുന്ന സ്ഥിതിവിശേഷമുണ്ടെന്നും വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആയിരക്കണക്കിന് കോടി രൂപയുടെ നികുതി നഷ്ടമുണ്ടായിട്ടും ധനകാര്യ വകുപ്പ് സ്വര്‍ണക്കടത്ത് വിഷയം ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്ന് കുറ്റപ്പെടുത്തിയിരുന്നു. നികുതി പിരിവ് മേഖലയില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചെയ്യാന്‍ തയാറാകാത്തതിനു പിന്നില്‍ ദുരുദ്ദേശം ഉണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറും പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."