ഡല്‍ഹിയില്‍ ഇന്ന് ഇടിയോടിടി.
ന്യൂഡല്‍ഹി: പ്രൊഫഷണല്‍ ബോക്‌സിങിലേക്കു ചുവടു മാറിയ ഇന്ത്യയുടെ വിജേന്ദര്‍ സിങ് കരിയറില്‍ ആദ്യമായി നാട്ടുകാര്‍ക്കു മുന്നില്‍ പോരിനിറങ്ങുന്നു. ലോക ബോക്‌സിങ് ഓര്‍ഗനൈസേഷന്റെ ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടത്തിനായി വിജേന്ദര്‍ സിങ് ആസ്‌ത്രേലിയന്‍ താരം കെറി ഹോപ്പുമായി ഇന്നു പോരിനിറങ്ങും. ന്യൂഡല്‍ഹിയിലെ ത്യാഗരാജ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരം നടക്കുന്നത്. കരിയറിലെ ആദ്യത്തെ പ്രൊഫഷണല്‍ കിരീടത്തിന് വേണ്ടിയുള്ള പോരാട്ടമാണ് വിജേന്ദറിനിത്.
മത്സരത്തിനു മുന്‍പേ ഇരു താരങ്ങളും തമ്മിലുള്ള വെല്ലുവിളികള്‍ തുടങ്ങി കഴിഞ്ഞു. കളിച്ച ആറു മത്സരങ്ങളിലും എതിരാളിയെ നോക്കൗട്ടില്‍ വീഴ്ത്തിയാണ് വിജേന്ദര്‍ ഹോപിനെതിരേ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പ്രൊഫഷണല്‍ ബോക്‌സിങിലേക്ക് കൂടുമാറിയ വിജേന്ദര്‍ ഹോപ്പിനെതിരേ ജയിച്ച് ലോക റാങ്കിങില്‍ ആദ്യ 15ലെത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ 12 വര്‍ഷമായി പ്രൊ ബോക്‌സിങിലെ കരുത്തുറ്റ സാന്നിധ്യമായ ഹോപ്പ് വിജേന്ദറിന് വെല്ലുവിളിയുയര്‍ത്താന്‍ സാധ്യതയുള്ള താരമാണ്.
ആദ്യ 11 മത്സരങ്ങളിലും തുടര്‍ച്ചയായി ജയം സ്വന്തമാക്കാന്‍ ഹോപ്പിനു സാധിച്ചിരുന്നു. 30 മത്സരങ്ങളില്‍ 23 എണ്ണത്തിലും ഹോപ് ജയിച്ചു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിജേന്ദറിനേക്കാള്‍ മുന്നിലാണ് ഹോപ്. എന്നാല്‍ നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ മുന്‍തൂക്കം വിജേന്ദറിനാണ്. എതിരാളികള്‍ക്കെതിരേ വേഗമേറിയ നീക്കങ്ങള്‍ പുറത്തെടുക്കാറുള്ള വിജേന്ദര്‍ ഹോപ്പിനെ വീഴ്ത്താനാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
നേരത്തെ ലോക മിഡില്‍വെയ്റ്റ് റാങ്കിങില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു ഹോപ്. എന്നാല്‍ എ.ഐ.ബി.എ മിഡില്‍വെയ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു വിജേന്ദര്‍. 10 റൗണ്ടുള്ള പ്രൊഫഷണല്‍ മത്സരത്തില്‍ ആദ്യമായാണ് വിജേന്ദര്‍ മത്സരിക്കുന്നത്. അതേസമയം ഹോപ്പ് ഈ മത്സരയിനത്തില്‍ സീസണല്‍ താരമാണ്. പ്രൊ ബോക്‌സിങിലെ അനുഭവസമ്പത്ത് തനിക്ക് ഗുണം ചെയ്യുമെന്നു ഹോപ്പ് പറയുമ്പോള്‍ ഒളിംപിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ലോക ചാംപ്യന്‍ഷിപ്പ് എന്നിവയില്‍ മെഡല്‍ നേടിയ കരുത്ത് തനിക്കുണ്ടെന്നു വിജേന്ദര്‍ തിരിച്ചടിച്ചു. നേരത്തെ ഡബ്ല്യു.ബി.സി മിഡില്‍വെയ്റ്റ് കിരീടം നേടിയിട്ടുള്ള താരമാണ് ഹോപ്പ്.
വെയ്ല്‍സില്‍ ജനിച്ച് പിന്നീട് ആസ്‌ത്രേലിയയിലേക്ക് കൂടുമാറി പൗരത്വം സ്വന്തമാക്കിയ താരമാണ് ഹോപ്. വിജേന്ദറിനെ നേരിടാനാണ് സൂപ്പര്‍ മിഡില്‍വെയ്റ്റ് വിഭാഗത്തിലേക്ക് മാറിയതെന്നും ഇന്ത്യയില്‍ ലഭിക്കുന്ന സ്വീകരണത്തിന് സംതൃപ്തിയുണ്ടെന്നും ഹോപ്പ് പറഞ്ഞു. കാണികളുടെ പിന്തുണ വിജേന്ദറിനെ ലഭിക്കുമെന്നും കളിക്കളത്തില്‍ വിജേന്ദറിനേക്കാള്‍ മുകളിലാണ് താനെന്നും ഹോപ്പ് അവകാശപ്പെട്ടു.
പ്രൊഫഷണല്‍ ബോക്‌സിങില്‍ തന്നേക്കാള്‍ മത്സര പരിചയമുണ്ടെങ്കിലും ഹോപ്പിനെ ഭയക്കുന്നില്ലെന്നു വിജേന്ദര്‍ പറഞ്ഞു. മത്സരത്തില്‍ ജയിച്ച് ഇന്ത്യയില്‍ പ്രൊഫഷണല്‍ ബോക്‌സിങിന് ജനപ്രീതി നല്‍കുകയാണ് ലക്ഷ്യം. ഇടം കൈയനായ ഹോപ്പിന് കടലാസില്‍ മാത്രമാണ് മുന്‍തൂക്കമെന്നും കൃത്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും വിജേന്ദര്‍ പറഞ്ഞു.
വിജേന്ദറിന്റെ പരിശീലകനായ ലീ ബേര്‍ഡും പ്രതീക്ഷയിലാണ്. മികച്ച രിതീയിലാണ് താരത്തിന്റെ പരിശീലനമെന്ന് ലീ ബേര്‍ഡ് വ്യക്തമാക്കി.ഗുഡ്ഗാവിലായിരുന്നു വിജേന്ദറിന്റെ പരിശീലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."