നീസ്: ആഘോഷരാവ് വഴിമാറിയത് കൂട്ടക്കരച്ചിലിന്
നീസ്: ദേശീയ ആഘോഷത്തിന്റെ ആഹ്ലാദത്തിലായിരുന്നു റിസോര്‍ട്ട് നഗരമായ നീസിന്റെ വ്യാഴാഴ്ചത്തെ രാവ്. വര്‍ണപ്പൊലിമയോടെ ആകാശം കരിമരുന്ന് പ്രയോഗത്തില്‍ മിന്നിത്തെളിഞ്ഞു. ഇതു കാണാന്‍ തടിച്ചുകൂടിയവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയ ട്രക്ക് നിമിഷത്തിനുള്ളില്‍ സന്തോഷത്തിന്റെ രാവിന് അന്ത്യംകുറിച്ചു. നീസ് ആക്രമണത്തിന്റെ ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരങ്ങള്‍ നടുക്കുന്നതാണ്. വെള്ളിയാഴ്ചയുടെ തുടക്കം അവര്‍ക്ക് അതോടെ കണ്ണീരിന്റേതായി.
കരിമരുന്നു പ്രയോഗത്തിനിടെ വലിയ കരച്ചില്‍ കേട്ടാണ് താന്‍ തിരിഞ്ഞു നോക്കിയതെന്നും പിന്നീട് ട്രക്ക് ആളുകളെ ചതച്ചരച്ച കാഴ്ചയായിരുന്നുവെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന എ.എഫ്.പി ലേഖകന്‍ റോബര്‍ട്ട് ഹൊളോവോ പറഞ്ഞു.
തന്റെ 100 വാര അടുത്തായിരുന്നു ട്രക്ക്. നടപ്പാതയിലേക്ക് കയറ്റി ആളുകള്‍ക്കു നേരെ ഓടിക്കുകയായിരുന്നു. ആസൂത്രിത ആക്രമണമാണെന്ന് അപ്പോഴാണ് മനസിലായതെന്ന് അദ്ദേഹം പറയുന്നു. അക്രമിയെ മുഖാമുഖം ഏതാനും മിനുട്ട് കണ്ടെന്നും ആയാള്‍ വികാരഭരിതനായിരുന്നുവെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞു. ട്രക്കിനു പുറത്തുള്ള ആരെയും അയാള്‍ ശ്രദ്ധിച്ചില്ലെന്നും പൊലിസ് അക്രമിയോട് തര്‍ക്കത്തിനു നില്‍ക്കാതെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജര്‍മന്‍ ജേണലിസ്റ്റ് റിച്ചാര്‍ഡും സംഭവത്തിനു ദൃക്‌സാക്ഷിയായി. ആദ്യം അപകടമാണെന്നാണ് കരുതിയതെന്നും പിന്നീടാണ് ആസൂത്രിത അക്രമമാണെന്ന് മനസിലായതെന്നും മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു.
അക്രമി 31കാരനായ ബൗഹേല്‍?
നീസ്: 84 പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് ഇടിച്ചുകയറ്റിയത് മുഹമ്മദ് ലഹൗജ് ബൗഹേല്‍ എന്ന 31 കാരനെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അക്രമിയുടെ പേര് പൊലിസ് സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ ഇയാളുടെ തീവ്രവാദബന്ധത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് വാര്‍ത്തകള്‍. നീസില്‍ തന്നെ താമസിക്കുന്നയാളാണ് ബൗഹേല്‍. ഡെലിവറി ഡ്രൈവറായ ഇയാള്‍ക്ക് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. എന്നാല്‍ ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഇയാളുടെ വീട്ടില്‍ പൊലിസ് റെയ്ഡ് നടത്തി. നീസ് റെയില്‍വേ സ്റ്റേഷനു അധികം ദൂരെയല്ലാത്ത അബാട്ടോറിസിലാണ് ഇയാളുടെ വീട്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ ലോറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.
പൊലിസിനോട് ഇയാള്‍ക്ക് വിദ്വേഷമുണ്ടായിരുന്നെങ്കിലും തീവ്രവാദ സ്വഭാവമുള്ള യുവാക്കളുടെ പട്ടികയില്‍ ഇയാളില്ല. ഇയാള്‍ ലോറി വാടയ്‌ക്കെടുത്ത രേഖകളും ലോറിയില്‍ നിന്ന് ലഭിച്ചു. വടക്കന്‍ നൈസിലെ സെന്റ് ലോറന്റ് ഡേ വാറില്‍ നിന്ന് രണ്ടു ദിവസം മുന്‍പാണ് ലോറി വാടകയ്ക്ക് എടുത്തത്. നാലുനില കെട്ടിടത്തിലാണ് ഇയാളുടെ ഫ്‌ളാറ്റ്. അഭിവാദ്യം ചെയ്താല്‍ പോലും ഇയാള്‍ പ്രതികരിക്കാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ലോറിയില്‍ നിന്ന് ലഭിച്ച ആയുധങ്ങള്‍ വ്യാജമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."