കീം 2020: പ്രത്യേക സര്‍വിസുകള്‍ നടത്താന്‍ കെ.എസ്.ആര്.ടി.സി
മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്യാം
തിരുവനന്തപുരം: എന്‍ജിനീയറിങ്ങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള സംസ്ഥാന പ്രവേശന പരീക്ഷ (കീം 2020) നടക്കുന്ന 16ന് പ്രത്യേക സര്‍വിസുകള്‍ നടത്താന്‍ കെ.എസ്.ആര്.ടി.സി തീരുമാനം. ഇതുസംബന്ധിച്ച് എല്ലാ കെ.എസ്.ആര്.ടി.സി യൂനിറ്റുകള്‍ക്കും നിര്‍ദേശം നല്കി.
16ന് രാവിലെ 9.30 മുതല്‍ 12.30 വരെയും രണ്ട് മുതല്‍ അഞ്ച് വരെയും സംസ്ഥാനത്തുടനീളം 339 കേന്ദ്രങ്ങളിലായാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുമെന്നാണ് കരുതുന്നത്. പല മേഖലകളിലും ഗതാഗത നിയന്ത്രണങ്ങള്‍ ഉള്ള സാഹചര്യത്തില്‍ പരീക്ഷാര്‍ഥികള്‍ക്ക് കൃത്യസമയത്ത് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നതിനുള്ള സംവിധാനമാണ് കെ.എസ്.ആര്.ടി.സി ഒരുക്കുന്നത്. ഇതിനായി മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്തുള്ള സര്‍വിസുകള്‍ നടത്തുന്നതിനാണ് തീരുമാനം. പരീക്ഷാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി മാത്രമായി പുതിയതായി ആരംഭിച്ച ബസ് ഓണ്‍ ഡിമാന്റ് രീതിയിലാണ് സര്‍വിസ് നടത്താന്‍ കെ.എസ്.ആര്.ടി.സി തീരുമാനിച്ചിട്ടുള്ളത്. ഇത്തരത്തിലാണ് തീരുമാനമെങ്കിലും വരുമാനം ലഭിക്കാത്ത സര്‍വിസ് നടത്തേണ്ടതില്ലെന്ന നിര്‍ദേശവും യൂനിറ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."