മരിച്ച വയോധികയുടെ കൊവിഡ് പരിശോധനയില്‍ രണ്ട് ഫലം; ആശങ്ക
അത്താണി( തൃശൂര്‍): ഉറങ്ങികിടക്കുമ്പോള്‍ മരണമടഞ്ഞ നിലയില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ എത്തിച്ച അന്തിക്കാട് സ്വദേശിയായ 63 കാരിയുടെ കൊവിഡ് പരിശോധനാ ഫലത്തില്‍ അവ്യക്തത.
ഇത് മെഡിക്കല്‍ കോളജിനേയും വയോധികയുടെ ബന്ധുക്കളേയും ആശങ്കയുടെ മുള്‍മുനയിലാക്കി. കഴിഞ്ഞ അഞ്ചിനാണ് 63 കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണമെന്ന നിലയില്‍ അന്തിക്കാട് പൊലിസാണ് മൃതദേഹം മെഡിക്കല്‍ കോളജിലെത്തിച്ചത്. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി ട്രൂനാറ്റ് പരിശോധന നടത്തി. രണ്ടിന്റെയും ഫലം നെഗറ്റീവായതോടെ 7ന് പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോസ്റ്റ് മോര്‍ട്ടത്തിന് മുന്‍പ് ഫൊറന്‍സിക് വിഭാഗം എടുത്ത സ്വാബ് പരിശോധനയാണ് ഇപ്പോള്‍ പൊസറ്റീവായത്. തൃശൂര്‍ ജില്ലയില്‍ ഇന്നലെ സ്ഥിരീകരിച്ച 27 കൊവിഡ് കേസുകളില്‍ ഒന്ന് ഈ 63 കാരിയുടെ ഫലമാണ്. കൊവിഡ് സ്ഥിരീകരിച്ചതോടെ വലിയ ഭീതിയിലും ആശങ്കയിലുമാണ് മെഡിക്കല്‍ കോളജ് അധികൃതര്‍. രണ്ട് തവണ നെഗറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്.. പോസ്റ്റ് മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയവരോടും, മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്തിമ സ്ഥിരീകരണത്തിന് സ്രവം ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."