കശ്മിരില്‍ ആക്രമണം; ബി.ജെ.പി നേതാവും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മിരിലെ ബന്ദിപ്പോരയില്‍ ബി.ജെ.പി നേതാവും രണ്ടു കുടുംബാംഗങ്ങളും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചതായി പൊലിസ്. ബി.ജെ.പി ബന്ദിപ്പോര ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡന്റും പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ഷെയ്ഖ് വസീം ബാരി (27), പിതാവ് ബഷീര്‍ അഹമ്മദ്, സഹോദരന് ഉമര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വസീം ബാരിയുടെ കടയിലാണ് വെടിവയ്പ് നടന്നത്. ഇതില്‍ പരുക്കേറ്റ മൂന്നുപേരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്നു കശ്മിര് പൊലിസ് ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ വ്യക്തമാക്കി. വസീം ബാരിയുടെ വീടിന് തൊട്ടടുത്ത് തന്നെയാണ് കടയുമുള്ളത്. ഇതിനു തൊട്ടടുത്താണ് ബന്ദിപ്പോര പൊലിസ് സ്റ്റേഷന് സ്ഥിതിചെയ്യുന്നത്.
ആക്രമണത്തിനു പിന്നില്‍ രണ്ട് ലഷ്കറെ ത്വയ്ബ തീവ്രവാദികളാണെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. ഇതില്‍ ഒരാള്‍ വിദേശിയാണെന്നാണ് വിവരം. ഇവര്‍ കടയിലെത്തി വെടിവയ്പ് നടത്തുകയായിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."