ഹജ്ജ് ക്യാംപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 21 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നെടുമ്പാശേരിയില്‍ ഒരുങ്ങുന്ന ഹജ്ജ് ക്യാംപിന്റെ പുരോഗതി വിലയിരുത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ യോഗം തദ്ദേശ സ്വയംഭരണ, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖ്ഫ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായി. എ.കെ അബ്ദുറഹ്മാന്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, പി.പി അബ്ദുറഹ്മാന്‍, പ്രൊഫ. എ.കെ അബ്ദുല്‍ഹമീദ്, മുഹമ്മദ് ബാബു സേട്ട്, അഹമ്മദ് മൂപ്പന്‍, ഡോ. ഇ.കെ അഹമ്മദ്കുട്ടി, ഷരീഫ് മണിയാട്ട്കുടി, ഇ.സി മുഹമ്മദ്, മുജീബ് പുത്തലത്ത് എന്നിവര്‍ സംബന്ധിച്ചു. എക്‌സിക്യൂട്ടീവ് ഓഫിസര്‍ കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ വെങ്കിടേശപതി സ്വാഗതം പറഞ്ഞു.
കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ വിപുലമായ സൗകര്യങ്ങളോടു കൂടിയ പുതിയ ബ്ലോക്കിന്റെ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ ത്വരിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
ഒക്ടോബര്‍ അവസാനവാരത്തില്‍ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തും. ഇതിനായി സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ഹജ്ജ് ഹൗസിലെ നിലവിലെ സൗകര്യങ്ങള്‍ ഹജ്ജ് വേളകളിലൊഴികെ ജനോപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കാനുള്ള സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."