ആഗോള താപനം: കേരളത്തില്‍ ട്രീ ബാങ്കും ഗ്രീന്‍ഫണ്ടും വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാന ആഘാത ലഘൂകരണത്തിനായി ഗ്രീന്‍ ഫണ്ടും സ്വാഭാവിക വനസംരക്ഷണം പ്രോത്സാഹിപ്പിക്കാന്‍ ട്രീ ബാങ്ക് എന്ന ആശയവും നടപ്പാക്കണമെന്ന് ശാസ്ത്രജ്ഞര്‍.
ഉയര്‍ന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷ താപവും കാലാവസ്ഥാ വ്യതിയാനവും ആഗോള ഭീഷണിയാകുമ്പോള്‍ സംസ്ഥാനം ബജറ്റിലൂടെ ഇതിനെ നേരിടണമെന്നും കാലാവസ്ഥ-ദുരന്ത നിവാരണ അതോറിറ്റി-പരിസ്ഥിതി-സെസ്സ്-ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ സുപ്രഭാതത്തോടു പറഞ്ഞു.
പഴയ വാഹനങ്ങള്‍ക്ക് ഇന്ധനക്ഷമത കുറവും പുക കൂടുതലുമാണ്. വളരെ പഴക്കമുള്ള വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നത് ഇന്ധന ഉപഭോഗം പരിമിതപ്പെടുത്താനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനുമാകും. 15 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന ഗ്രീന്‍ ടാക്‌സ് വഴി പ്രതിവര്‍ഷം ഏഴുകോടി രൂപ സമാഹരിക്കാനാകുമെന്നാണ് ബജറ്റിലെ പ്രതീക്ഷ. ഈ തുക, നാഷണല്‍ ക്ലീന്‍ എനര്‍ജി ഫണ്ടിന്റെ മാതൃകയില്‍ പ്രത്യേക ഗ്രീന്‍ഫണ്ട് രൂപീകരിച്ച് കാലാവസ്ഥാ വ്യതിയാന ആഘാത ലഘൂകരണത്തിനുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിക്കണം.
സി.എന്‍.ജി ബസ്സുകള്‍, ഗ്രീന്‍ടാക്‌സ്, എല്‍.ഇ.ഡി ഫണ്ട്, സോളാര്‍ പദ്ധതി, കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല എന്നിവയും ലക്ഷ്യം കൈവരിക്കാനുള്ള നിര്‍ദേശങ്ങളാണ്. എറണാകുളത്ത് ആയിരം സി.എന്‍.ജി ബസ്സുകള്‍ സജ്ജമാക്കാന്‍ പ്രതിവര്‍ഷം 50 കോടി എന്ന കണക്കില്‍ 300 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
സി.എന്‍.ജി വാഹനത്തിന് കാര്‍ബണ്‍ ബഹിര്‍ഗമനം തുലോം തുച്ഛമാണെന്നതാണു മെച്ചം. അഞ്ചുവര്‍ഷം കൊണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകളെല്ലം സി.എന്‍.ജി ഇന്ധനത്തിലേക്കു മാറ്റാനാണ് ലക്ഷ്യം. കാര്‍ബണ്‍ പ്രസരണത്തിന്റെ അളവുകുറച്ചു വികസനപ്രക്രിയകളെ ക്രമപ്പെടുത്തുന്നതാണ് കാര്‍ബണ്‍തുലിത വികസനം.
കാര്‍ബണ്‍ ബഹിര്‍ഗമനം, വികസനപ്രക്രിയകളില്‍ അനിവാര്യവുമാണ്. എന്നാല്‍, അന്തരീക്ഷത്തിലെ കാര്‍ബണ്‍ തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ വൃക്ഷങ്ങള്‍ക്കു വലിയ പങ്കുണ്ട്. കാര്‍ബണ്‍ ആഗിരണത്തിനായി കഴിയുന്നത്ര മരങ്ങള്‍ നട്ടുപിടിപ്പിക്കണം. വയനാട് മീനങ്ങാടി പഞ്ചായത്തില്‍ ആരംഭിച്ച പദ്ധതി തുടരണം.
വയനാട് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. സംസ്ഥാനത്തെ സ്വാഭാവിക വനങ്ങളുടെ സംരക്ഷണത്തിന് 49 കോടിയും, തടി പ്ലാന്റേഷനുകള്‍ക്ക് 16 കോടിയുമാണുള്ളത്. കാര്‍ബണ്‍ ആഗിരണം ചെയ്ത് മരങ്ങള്‍ അന്തരീക്ഷത്തെ സംരക്ഷിക്കുന്നതിനാല്‍ സംസ്ഥനത്ത് ട്രീ ബാങ്ക് പദ്ധതി നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലില്‍ മലമ്പുഴയില്‍, കഴിഞ്ഞ 29 വര്‍ഷത്തെ ഏറ്റവും കൂടിയ താപനിലയാണ്(41.8 ഡിഗ്രി) രേഖപ്പെടുത്തിയത്. കഴിഞ്ഞ 49 വര്‍ഷത്തെ ഏറ്റവും കൂടിയ ചൂടാണ് (38.9 ഡിഗ്രി) കോഴിക്കോട് അനുഭവപ്പെട്ടത്. കഴിഞ്ഞ 10 വര്‍ഷത്തെ കൂടിയ താപനിലയാണ് (38.3 ഡിഗ്രി) ഏപ്രില്‍ 15ന് കണ്ണൂരില്‍ രേഖപ്പെടുത്തിയത്. ഉയരുന്ന താപനിലയും കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളുടെ ആവര്‍ത്തിയും തീവ്രതയും കൂട്ടും. കൃഷിനാശം, ജലക്ഷാമം, ജീവനോപാധി നഷ്ടം, പകര്‍ച്ചവ്യാധികള്‍, ജൈവസമ്പത്ത് ശോഷണം എന്നിവയൊക്കെ ഇതോടൊപ്പം സംഭവിക്കും. ജൈവവൈവിധ്യ രജിസ്റ്റര്‍ അടിസ്ഥാനമായി കണക്കാക്കി ആസൂത്രിത കര്‍മപരിപാടി ആവിഷ്‌കരിക്കണം.
നെല്‍കൃഷി പ്രോല്‍സാഹനം ഭക്ഷ്യസുരക്ഷയ്ക്കു മാത്രമല്ല പരിസ്ഥിതി സന്തുലനത്തിനും പ്രധാനമാണ്. തരിശ് നെല്‍പ്പാടങ്ങള്‍ കാര്‍ബണ്‍ സ്രോതസ്സുമാണ്. നെല്‍കൃഷി പ്രോല്‍സാഹനത്തിന് വകകൊള്ളിച്ച 50 കോടി പരിസ്ഥിതി സന്തുലനത്തിനുകൂടിയുള്ളതാണ്. നീര്‍ത്തടാധിഷ്ഠിത മണ്ണുജല സംരക്ഷണത്തിനും പ്രാധാന്യം നല്‍കണം.
തോടുകളും പുഴകളും കുളങ്ങളും ശുദ്ധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ തൊഴിലുറപ്പു പദ്ധതിയുടെ ഭഗമാക്കണമെന്നും ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നു.
ഇന്ധനക്ഷമതയില്ലാത്ത വാഹനങ്ങള്‍ ഒഴിവാക്കണം
ആഗോളതാപനത്തെ ചെറുക്കാന്‍ ഇന്ധനക്ഷമതയില്ലാത്ത വാഹനങ്ങള്‍ ഒഴിവാക്കണമെന്ന് അടൂര്‍ ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ദുരന്ത നിവാരണ അതോറിട്ടി മുന്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. കേശവ് മോഹന്‍.
ആഗോളതാപനത്തിന് ആക്കം കൂട്ടുന്ന പ്രധാനഘടകം ഹരിതഗൃഹ കാര്‍ബണിക വാതകങ്ങളാണ്. വ്യവസായശാലകളും വാഹനങ്ങളുമാണ് കാര്‍ബണിക വാതകങ്ങളുടെ പ്രധാന സ്രോതസ്. കാട്ടുതീ മൂലവും അന്തരീക്ഷത്തിലെ കാര്‍ബണ്‍ കൂടും. ഇക്കഴിഞ്ഞ ജൂണില്‍ അന്തരീക്ഷ കാര്‍ബണിന്റെ അളവ് 406.81 പാര്‍ട് പെര്‍ മില്യണ്‍(പി.പി.എം) ആയാണ് ഹവായ് ദ്വീപിലെ മൗനലാവൊ ഒബ്‌സര്‍വെറ്റര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കാര്‍ബണ്‍ വാര്‍ഷിക വര്‍ധനയേക്കാള്‍ വളരെ കൂടുതലാണ്. ഫോസില്‍ ഇന്ധനത്തിന്റെ വര്‍ധിച്ച ഉപഭോഗമാണ് ഇതിനു കാരണം. ലോകത്ത് പ്രതിവര്‍ഷം 10 ബില്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്കു ബഹിര്‍ഗമിപ്പിക്കുന്നു.
ഫോസില്‍ ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കണം. ഇന്ധനക്ഷമതയില്ലാത്ത വാഹനങ്ങള്‍ ഒഴിവാക്കണം. ഊര്‍ജക്ഷമത കൈവരിക്കണം. കാര്‍ബണ്‍ പാദമുദ്ര ലഘൂകരിക്കണം. പാരമ്പര്യേതര ഊര്‍ജോല്‍പ്പാദനം വര്‍ധിപ്പിക്കണം. കാര്‍ബണ്‍ ആഗീകരണം കൂട്ടണം. നെല്‍വയലുകള്‍ തരിശിടാതെ കൃഷി പ്രോല്‍സാഹിപ്പിക്കണം. ബജറ്റിലെ ഇതര പരിസ്ഥിതി സംരക്ഷണ പദ്ധതികളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുതകും. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് 1000 മെഗാ വാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി ഗുണം ചെയ്യും.
2015 നവംബറില്‍ അംഗീകരിച്ച പാരീസ് കാലാവസ്ഥാ ഉച്ചകോടിപ്രകാരം ഓരോ രാജ്യവും കാര്‍ബണ്‍ പ്രസരണം കുറയ്ക്കാനുള്ള ആസൂത്രണം മുന്‍കൂര്‍ പ്രഖ്യാപിക്കേണ്ടതായുണ്ട്. ഇതിനാണ് ഐ.എന്‍.ഡി.സി(ഇന്‍ടെന്‍ഡെഡ് നാഷണലി ഡിറ്റര്‍മെന്റ് കോണ്‍ട്രിബ്യൂഷന്‍സ്) എന്നു പറയുന്നത്. ഇതുപ്രകാരം 2030ഓടെ 35 ശതമാനം കാര്‍ബണ്‍ പ്രസരണം 2005നെ അപേക്ഷിച്ച് കുറക്കാന്‍ ഇന്ത്യ സന്നദ്ധമായിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്തിന്റെ പുതിയ സൗരോര്‍ജ പദ്ധതി നമ്മുടെ രാജ്യത്തിന്റെ ഐ.എന്‍.ഡി.സിക്ക് ആക്കം കൂട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."