അനര്‍ഹരുടെ കൈവശമുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ 31നു മുന്‍പ് തിരിച്ചേല്‍പ്പിക്കണം
കൊട്ടാരക്കര: താലൂക്കില്‍ അനര്‍ഹരായ 3,000 ലധികം പേര്‍ ഇപ്പോഴും നിയമവിരുദ്ധമായി മുന്‍ഗണന, എ.എ.വൈ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നതായി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ബോധ്യപ്പെട്ടതായി താലൂക്ക് സപ്ലൈ ഓഫിസര്‍ പറഞ്ഞു. ഇവര്‍ ഈ മാസം 31ന് മുന്‍പ് പ്രസ്തുത കാര്‍ഡുകള്‍ റേഷന്‍കട വഴിയോ നേരിട്ടോ താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്കു മാറ്റണമെന്നും താലൂക്ക് സപ്ലൈ ഓഫിസറായ എസ്.എ സെയ്ഫ് അറിയിച്ചു.
സര്‍ക്കാരിനെ കബളിപ്പിച്ച് കാര്‍ഡുപയോഗിച്ച് റേഷന്‍, ചികിത്സാ ആനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍ക്കെതിരേ ഓഗസ്റ്റ് ആദ്യവാരം മുതല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങും. അനര്‍ഹമായി കൈപറ്റിയ റേഷന്‍ സാധനങ്ങളുടെ പൊതുവിപണി വിലയും ഈടാക്കും. റവന്യു റിക്കവറി നടപടികള്‍ക്കു തുടക്കം കുറിക്കുകയും ചെയ്യും.
പരമദരിദ്ര വിഭാഗങ്ങള്‍ക്കുള്ള എ.എ.വൈ കാര്‍ഡും (മഞ്ഞ നിറം) ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന കാര്‍ഡും (പിങ്ക് നിറം) ധനശേഷിയുള്ളവര്‍ കൈവശംവയ്ക്കുന്നതു കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."