ജില്ലയിലെ എലിപ്പനിബാധയും മരണങ്ങളും; പ്രതിരോധം ശക്തമാക്കും
പേരൂര്‍ക്കട: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനിബാധമരണം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ജില്ലാ കലക്ടര്‍ കെ. വാസുകി എന്നിവര്‍ കുടപ്പനക്കുന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം.
ചെങ്കല്‍, മാണിക്കല്‍ മുട്ടത്തറ എന്നിവിടങ്ങളിലാണ് എലിപ്പനിബാധമൂലമുള്ള മരണം സ്ഥിരീകരിച്ചിട്ടുള്ളത്. എലിപ്പനിമൂലമെന്നു സംശയിക്കുന്ന 10 മരണങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നല്‍കിയ പ്രത്യേക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. ജില്ലയില്‍ ജനുവരി മുതല്‍ ജൂലൈ ആദ്യവാരം വരെ 93 എലിപ്പനിബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ആദ്യത്തെ എലിപ്പനിബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പിരപ്പന്‍കോട്ടാണ്. മാറനല്ലൂര്‍, വിഴിഞ്ഞം, പള്ളിച്ചല്‍, വെള്ളറട, പാറശ്ശാല, കൊല്ലയില്‍, മാണിക്കല്‍, ആമച്ചല്‍, അരുവിക്കര, വിളപ്പില്‍, ആനാട്, കരകുളം, പൂഴനാട്, വിളവൂര്‍ക്കല്‍, അമ്പൂരി, പുല്ലമ്പാറ, വിതുര, തോണിപ്പാറ, വാമനപുരം, കടകംപള്ളി, ചെങ്കല്‍, ചെമ്പൂര്, കിളിമാനൂര്‍, വെള്ളനാട് എന്നീ പഞ്ചായത്തുകളിലും നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വര്‍ക്കല എന്നീ മുനിസിപ്പാലിറ്റികളിലും കരമന, വലിയതുറ, കവടിയാര്‍, മെഡിക്കല്‍കോളജ്, കണ്ണമ്മൂല, നേമം, കാഞ്ഞിരംപാറ, പേട്ട, മുട്ടത്തറ, കൊച്ചുതോപ്പ്, വള്ളക്കടവ്, ബീമാപ്പള്ളി എന്നീ നഗരസഭകളിലുമാണ് എലിപ്പനിബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ എലിപ്പനിബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ജില്ലയും തിരുവനന്തപുരമാണ്. എലിപ്പനിബാധയും അതുമൂലമുള്ള മരണങ്ങളും ഒഴിവാക്കുന്നതിനുവേണ്ടി ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു. രോഗബാധയില്‍ ഭയപ്പെടേണ്ടതില്ലെന്നും നിയന്ത്രണവിധേയമാണെന്നും ജില്ലാകലക്ടര്‍ കെ. വാസുകിയും അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് കൂടുതലായും രോഗം പിടിപെടുന്നത്. കെട്ടിടനിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈവര്‍ഷം 16 കുട്ടികളിലും രോഗബാധയുണ്ടായതായി സ്ഥിരീകരിക്കപ്പെട്ടു. രോഗം നിയന്ത്രണവിധേയമാക്കുന്നതിന് വിപുലമായ യോഗങ്ങള്‍ ചേരാന്‍ തീരുമാനമായി. ഈമാസം 13നു മുമ്പുതന്നെ ഇതുണ്ടാകും. 14-ാം തീയതി വിവിധ തലങ്ങളില്‍ വിളംബരയാത്രകള്‍ നടത്താനും തീരുമാനമായി. വാര്‍ഡ് തലങ്ങളില്‍ സന്നാഹ കമ്മിറ്റി കൂടുമെന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഇത് യഥാസമയം വാര്‍ഡ് കൗണ്‍സിലര്‍മാരെ അറിയിക്കും. ദുരന്തര നിവാരണ കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകയിരുത്തും.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള ശരിയായ മാലിന്യസംസ്‌കരണം പ്രധാന്യമര്‍ഹിക്കുന്നു. മലിനജലത്തില്‍ ജോലിചെയ്യുന്ന തൊഴിലുറപ്പ് പണിക്കാര്‍ക്ക് കൈയുറകളും കാലുറകളും വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ഡി.എം.ഒ ഡോ. ടി.പി പ്രീത, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരും യോഗത്തിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."