കുടിവെള്ളമില്ല: 'തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും'
മാനന്തവാടി: കുടിവെള്ളത്തിനായി മുരിക്കുന്തേരി കോളനി വാസികള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
മാറിമാറി ഭരിക്കുന്നവരോട് ആവശ്യം പറഞ്ഞ് മടുത്തു. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് പ്രശ്‌നത്തിന് പരിഹാരംകാണാന്‍ സാധിക്കുമോ എന്നാണ് കോളനി വാസികള്‍ ശ്രമിക്കുന്നത്. മാനന്തവാടി നഗരസഭാ പരിധിയിലെ ഒണ്ടയങ്ങാടിയില്‍ നിന്ന് ഏകദേശം നൂറുമീറ്റര്‍ മാറിയാണ് മുരിക്കുന്തേരി അടിയ കോളനി. ഒമ്പതാം വാര്‍ഡിലാണ് കോളനി സ്ഥിതിചെയ്യുന്നത്. 22 കുടുംബങ്ങളിലായി താമസിക്കുന്നത് ഇരുന്നൂറിലധികം പേരാണ്. വര്‍ഷങ്ങളായി കോളനിയില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. കുടിവെള്ളപദ്ധതിയുടെ ഭാഗമായി 2016-17 വര്‍ഷത്തില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്ക് നോക്കുകുത്തിയാണ്. കോളനിയിലുള്ള സ്ഥലം അപഹരിച്ചതല്ലാതെ ടാങ്കുകൊണ്ട് ഇപ്പോള്‍ ഒരു പ്രയോജനവുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കിണര്‍ കുഴിച്ചിരുന്നെങ്കിലും ഫെബ്രുവരിയാവുമ്പോഴേക്കും ഇവിടത്തെ വെള്ളം വറ്റും. പേരിന് ഒരു കിണറുണ്ടെങ്കിലും അതില്‍ പലപ്പോഴും വെള്ളമുണ്ടാകില്ല. ഉണ്ടാവുന്ന സമയത്താകട്ടെ കുടിക്കാന്‍ കിട്ടുകയുമില്ല. പാത്രം കഴുകാനും കുളിക്കാനും മറ്റും മാത്രമേ ഉപയോഗിക്കാനാവൂ. വര്‍ഷങ്ങളായി വോട്ട് ചോദിച്ചെത്തുന്നവര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നും തോറ്റവരും ജയിച്ചവരും പിന്നീട് തിരിഞ്ഞുനോക്കില്ലെന്നും കോളനിവാസികള്‍ പറഞ്ഞു. അതിനാല്‍ ഇത്തവണ വോട്ട് ബഹിഷ്‌കരിച്ച് പ്രതിഷേധ മറിയിക്കാനാണ് കോളനി വാസികളുടെ തീരുമാനം. കോളനിയില്‍ നടപ്പാത നിര്‍മിക്കുമെന്നുപറഞ്ഞ് മുമ്പ് അളവെടുത്ത് പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വിവരവുമില്ല. ആര് ഭരിച്ചാലും തങ്ങളുടെ ദുരിത ജീവിതത്തിന് അറുതിയുണ്ടാവുന്നില്ലെന്നാണ് കോളനി വാസികളുടെ പരാതി. സമീപത്തെ ഒരു വീടൊഴിച്ചാല്‍ മറ്റു വീടുകളില്‍നിന്നൊന്നും വെള്ളമെടുക്കാന്‍ അനുവദിക്കാറില്ല. സ്വകാര്യ വ്യക്തിയുടെ വീട്ടില്‍നിന്നാണ് ഇപ്പോള്‍ കോളനിയിലുള്ളവര്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഇത്രയും കുടുംബങ്ങള്‍ ഒരു വീട്ടില്‍നിന്ന് വെള്ളമെടുക്കേണ്ടി വരുന്നതില്‍ കോളനി വാസികള്‍ക്ക് ഏറെ പ്രയാസമുണ്ട്. പക്ഷേ, കുടിവെള്ളമില്ലാതെ ജീവിക്കാനൊക്കില്ലല്ലോയെന്ന് കോളനിയിലുള്ളവര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കോളനിയില്‍ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ജീവന്റെ നിലനില്‍പിന് ആവശ്യമായ ശുദ്ധജലസംവിധാനം നല്‍കാത്ത മാറിമാറി വരുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും മുരിക്കുന്തേരി കോളനിയില്‍ ദയവുചെയ്ത് വോട്ടുചോദിച്ച് വരരുത് ഇതാണ് അതിലെ ഉള്ളടക്കം. എല്ലാവിഭാഗം ജനങ്ങളെയും ജനാധിപത്യ സംവിധാനം വിനിയോഗിക്കാന്‍ ബോധവല്‍ക്കരിക്കുന്ന ജില്ലാഭരണകൂടം ഇടപെട്ട് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നാണ് കോളനിവാസികളുടെ പ്രതീക്ഷ. എന്താലായും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ ഇത്തവണ പോളിങ് ബൂത്തിലേക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ത്തന്നെയാണ് കോളനിയിലുള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."