മൊബൈല്‍ ഷോപ്പില്‍ മോഷണം; മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടു
നെടുമ്പാശ്ശേരി: കുന്നുകര ജങ്ഷന് സമീപമുള്ള മൊബൈല്‍ ഷോപ്പില്‍ വന്‍ മോഷണം. മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈലുകളും ആക്‌സസറികളുമാണ് മോഷണം പോയത്. അഹന ഓഡിറ്റോറിയത്തിന് എതിര്‍വശത്തുള്ള വയല്‍കര സ്വദേശി പ്രജീഷിന്റെ ഷോപ്പിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയാണ് പ്രജീഷ് ഷോപ്പ് അടച്ച് വീട്ടിലേക്ക് പോയത്. ഇന്നലെ രാവിലെ 10 മണിയോടെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ കടക്കകയ്ത്ത് കടന്നത്. കടയില്‍ സി.സി ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബാറ്ററി ചാര്‍ജ് ഇല്ലാതിരുന്നതിനാല്‍ ഇന്നലെ ഇത് പ്രവര്‍ത്തിച്ചില്ല. പ്ലഗ് തകരാറിലായതിനാല്‍ രാത്രി വൈദ്യുതി ലൈനില്‍ ഷോര്‍ട്ട് ഉണ്ടായി അപകടം വല്ലതും ഉണ്ടാകുമോയെന്ന് ഭയന്ന് രാത്രി പ്ലഗ് ഓഫ് ചെയ്യുകയും ചെയ്തു. രണ്ട് ദിവസം മുന്‍പ് തൊട്ടടുത്ത് എം.ഇ.എസ് ജങ്ഷനിലെ ജബ്ബാറിന്റെ സ്റ്റേഷനറി കടയിലും മോഷണം നടന്നിരുന്നു. ഫോറന്‍സിക് വിദഗ്ധരെത്തി മൊബൈല്‍ കടയില്‍ നിന്നും വിരലടയാളം ശേഖരിച്ചിട്ടുണ്ട്.
സമീപത്തെ ചില സ്ഥാപനങ്ങളിലെ സി.സി ടി.വി കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലിസ് പരിശോധിക്കുന്നുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് കുന്നുകര കേന്ദ്രീകരിച്ച് മോഷണ സംഘം വീണ്ടും സജീവമാക്കുന്നത്. കുന്നുകര ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മെഡിക്കല്‍ സ്റ്റോറുകള്‍, രണ്ട് ബേക്കറികള്‍ എന്നിവയില്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് മോഷണം നടന്നിരുന്നെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. സി.സി ടി.വി കാമറയില്‍ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും തുടരന്വേഷണം കാര്യമായി മുന്നോട്ടു നീങ്ങിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."