നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കമ്മ്യൂണിറ്റി ഹാളിന്റെ അനധികൃത നിര്‍മാണം
അന്നമനട: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പുഴയോരത്ത് കമ്മ്യൂണിറ്റി ഹാളിന്റെ അനധികൃത നിര്‍മാണം നടക്കുന്നതായി പരാതി. അന്നമനട ഗ്രാമപഞ്ചായത്തിലെ പുളിക്കകടവ് പുഴയോരത്തെ സൗഹൃദതീരത്താണ് ഗ്രാമപഞ്ചായത്ത് 43 ലക്ഷം രൂപ ചെലവില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഹാള്‍ പ്രവര്‍ത്തനം ആരംഭിച്ചാലുണ്ടാകുന്ന പാരിസ്ഥിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം. പുഴയുടെ സംരക്ഷണം ഏറ്റെടുത്ത് പ്രവര്‍ത്തിക്കേണ്ട അധികൃതര്‍ തന്നെ പുഴയെ മലിനപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നത് 'വേലിതന്നെ വിളവ് തിന്നുന്നത്' പോലെയാണെന്ന് സി.പി.എം നേതൃത്വം കുറ്റപ്പെടുത്തി.
ചാലക്കുടി പുഴയുടെ ഭാഗമായ മണല്‍തിട്ട മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപനാണ് കെട്ടി സംരക്ഷിച്ച് സൗഹൃദ പാര്‍ക്ക് ആക്കി മാറ്റിയത്. അന്നമനട,വാളൂര്‍ മേഖലകളിലെ ഒട്ടേറെ കലാ സാംസ്‌കാരിക പരിപാടികക്ക് വേദിയായും,കുട്ടികള്‍ക്ക് അവധി ദിനം ചെലവഴിക്കാനുമുള്ള ഇടമായാണ് സൗഹൃദതീരം പണികഴിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതിനെല്ലാം കോട്ടം തട്ടുന്ന തരത്തിലാണ് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുന്നത്. ഹാളിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ വിവാഹം പോലുള്ള ചടങ്ങുകള്‍ ഇവിടെ നടത്തുന്നതുവഴി മാലിന്യങ്ങള്‍ വ്യാപകമായി പുഴയില്‍ തള്ളപ്പെടുമെന്നുമാണ് പരാതി ഉയരുന്നത്.
കൂടാതെ മഴക്കാലത്ത് തീരം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങാറുണ്ട്. ഹാള്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ മഴക്കാലത്ത് ഈ കെട്ടിടം പൂര്‍ണ്ണമായും മുങ്ങിപ്പോകുമെന്നാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ ചന്ദ്രന്‍ പറയുന്നത്.
നേരത്തെ പുഴയുടെ ഗതിമാറ്റും വിധത്തില്‍ കരിങ്കല്ലിലൂടേയും കോണ്‍ഗ്രീറ്റിംഗിലൂടേയും പുഴയോരത്ത് സംരക്ഷണ ഭിത്തി കെട്ടുന്നതിനെതിരേയും കോണ്‍ഗ്രീറ്റ് കാടാക്കി പുഴയോരം മാറ്റുന്നതിനെതിരേയും വന്‍തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നു വന്നിരുന്നത്.
ചാലക്കുടിപ്പുഴയെ കൂടുതല്‍ മാലിന്യ വാഹിയാക്കി മാറ്റാനാണ് ഗ്രാമപഞ്ചായത്തിന്റെ ശ്രമമെന്നാണ് ഉയരുന്ന ആക്ഷേപം.
എന്നാല്‍ പുഴയോരത്തിന്റെ തനിമ നഷ്ടപ്പെടാത്ത വിധത്തിലുള്ള നിര്‍മാണമാണ് നടത്തുന്നതെന്നും സൗഹൃദപരവും വിവിധങ്ങളുമായ പരിപാടികള്‍ക്കായി തീരത്തെത്തുന്നവര്‍ക്ക് മഴയും വെയിലും കൊള്ളാതെ നില്‍ക്കുന്നതിന് ഒരു ഇടം മാത്രമാണ് പഞ്ചായത്ത് ഒരുക്കുന്നതെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, വൈസ് പ്രസിഡന്റ് കെ.കെ രവി നമ്പൂതിരി എന്നിവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."