യാത്രക്കാര്‍ക്ക് കസ്റ്റംസിന്റെ പീഡനമെന്ന് ആക്ഷേപം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും കസ്റ്റംസും തമ്മിലുള്ള ഭിന്നത ഉപദേശക സമിതിയോഗത്തില്‍ മറനീക്കി പുറത്തു വന്നു.വിദേശ യാത്രക്കാരെ കസ്റ്റംസ് അധികൃതര്‍ മണിക്കൂറുകള്‍ വരിനിര്‍ത്തി പീഡിപ്പിക്കുന്നതായി ഉപദേശക സമിതിയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് ചര്‍ച്ചക്കെടുത്തപ്പോഴാണ് കസ്റ്റംസ് അധികൃതര്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ബോധ്യമായത്. നേരത്തെയുള്ള ഉപദേശക സമിതിയില്‍ നിന്നും കസ്റ്റംസ് വിട്ടുനിന്നിരുന്നു.
കസ്റ്റംസ് പീഡനത്തെക്കുറിച്ച് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രതിനിധി കെ.എം.ബഷീറാണ് തെളിവ് നിരത്തി യോഗത്തില്‍ വിവരിച്ചത്. വിമാനത്താവളത്തില്‍ യാത്രക്കാരെ പരിശോധിക്കാന്‍ സ്‌കാനിങ് മെഷിന്‍, മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവ രണ്ടെണ്ണമുണ്ടെങ്കിലും ഒന്ന് മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. വിമാനങ്ങള്‍ ഒന്നിച്ചെത്തുന്ന സമയത്ത് ഇതുകാരണം യാത്രക്കാര്‍ മണിക്കൂറുകളോളം ടെര്‍മിനലില്‍ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേഹപരിശോധന നടത്തുന്ന മെറ്റല്‍ ഡിറ്റക്ടര്‍ രണ്ടും പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിന്് നോട്ടിസ് നല്‍കിയിരുന്നുവെന്ന് വിമാനത്താവള ഡയരക്ടര്‍ ശ്രീനിവാസ റാവു യോഗത്തില്‍ അറിയിച്ചു. എന്നാല്‍ ഒരു മെഷിന്‍ പ്രവര്‍ത്തിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് വിമാനത്താവള അതോറിറ്റി പരിശോധിച്ചപ്പോള്‍ മെഷിനുകള്‍ക്ക് തകരാര്‍ കണ്ടെത്തിയതുമില്ല. മതിയായ ഉദ്യോഗസ്ഥരില്ലെന്നാണ് കസ്റ്റംസ് ഇപ്പോള്‍ പറയുന്നതെന്നും ഡയരക്ടര്‍ പറഞ്ഞു. പ്രശ്‌നത്തില്‍ കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണര്‍ക്ക് പരാതി നല്‍കാന്‍ ഉപദേശക സമിതി തീരുമാനിച്ചു. ഉപദേശക സമിതിയില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ വിട്ടുനിന്നതും ചര്‍ച്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."